‘ഇത് അതിരുവിട്ട കളി, നിങ്ങളെ പൂട്ടുക തന്നെ ചെയ്യും’ -പാണക്കാട് തങ്ങൾക്കെതിരായ ആരോപണത്തിൽ കെ.എം. ഷാജി

മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചതിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ് നേതാവും വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ.എം. ഷാജി. ഇത് അതിരു വിട്ട കളിയാണെന്നും ഈ തേജോവധം പാർട്ടി കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തോൽവി ഭയക്കുന്ന വിഭാഗം ഏതു തരത്തിലുള്ള വൃത്തികേടുകൾക്കും സന്നദ്ധരാവും എന്നതിന്റെ നേർചിത്രമാണ് ഇത്. ഇത് രാഷ്ട്രീയ അന്തസ്സിന് ചേർന്നതല്ല എന്ന് പൊതുസമൂഹം തിരിച്ചറിയും. പാർട്ടി അതിശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്. വ്യാജ നിർമാണങ്ങളുടെ ആസൂത്രകർ ഏത് കൊല കൊമ്പൻ ആയാലും, ഏത് കൊമ്പന്റെ പിണിയാളുകൾ ആയാലും, നിങ്ങൾ രക്ഷപ്പെട്ടു പോകും എന്ന് വ്യാമോഹിക്കേണ്ട; നിങ്ങളെ പൂട്ടുക തന്നെ ചെയ്യും’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഞായറാഴ്ച വൈകീട്ടോടെയാണ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതൻ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‍ലിം ലീഗ് നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിക്കുകയും ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കെ.എം. ഷാജിയുടെ കുറിപ്പിന്റെ പൂർണരൂപം:

ഇത് അതിരു വിട്ട കളി ആണ്.

ആദരണീയനായ സയ്യിദ് സാദിഖലി തങ്ങളെ അപമാനിക്കാനും മുസ്‌ലിം ലീഗിനെ താറടിക്കാനും വേണ്ടി വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചുള്ള ഈ തേജോവധം പാർട്ടി കയ്യും കെട്ടി നോക്കി നിൽക്കില്ല.

തോൽവി ഭയക്കുന്ന വിഭാഗം ഏതു തരത്തിലുള്ള വൃത്തികേടുകൾക്കും സന്നദ്ധരാവും എന്നതിന്റെ നേർചിത്രമാണ് ഇത്. ഇത് രാഷ്ട്രീയ അന്തസ്സിന് ചേർന്നതല്ല എന്ന് പൊതുസമൂഹം തിരിച്ചറിയും.

പാർട്ടി അതിശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ട്.

വ്യാജ നിർമാണങ്ങളുടെ ആസൂത്രകർ ഏത് കൊല കൊമ്പൻ ആയാലും, ഏത് കൊമ്പന്റെ പിണിയാളുകൾ ആയാലും, നിങ്ങൾ രക്ഷപ്പെട്ടു പോകും എന്ന് വ്യാമോഹിക്കേണ്ട; നിങ്ങളെ പൂട്ടുക തന്നെ ചെയ്യും.

Tags:    
News Summary - km shaji reacts fake allegation against sadik ali shihab thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.