കെ.എം. ബഷീർ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഏഴു വർഷത്തിന് ശേഷം വിചാരണ ആരംഭിച്ചു. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് സിറാജ് പത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ.എം. ബഷീർ മരിച്ചത്. ബഷീറിന്റെ ഓർമക്ക് ഏഴു വയസ്സ് പൂർത്തിയാകുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നതു തന്നെ.
പൊലീസിന് ആദ്യമൊഴി നൽകിയ, സിറാജ് പത്രം ഡയറക്ടർ എ. സെയ്ഫുദ്ദീൻ ഹാജിയെ ഒന്നാം സാക്ഷിയായി ശനിയാഴ്ച വിസ്തരിച്ചു. കേസിലെ ഏക പ്രതിയായ സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനും കോടതിയിലുണ്ടായിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ സുഹൃത്ത് വഫ ഫിറോസിനെ ഒപ്പമിരുത്തി അമിതവേഗത്തിൽ കാർ ഓടിച്ചുവന്ന് ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും ഇടിയുടെ ആഘാതം ഇപ്പോഴും പബ്ലിക് ഓഫിസിന് മുൻവശത്തെ വിളക്കുകല്ലിലും മരത്തിലുമുണ്ടെന്നും സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകി.
അപകടത്തിൽ ബഷീറിന്റെ ഹോണ്ട ബൈക്ക് പൂർണമായും തകർന്നു. ബഷീറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചു. എഫ്.ഐ.ആറും പ്രഥമവിവര മൊഴിയും പ്രോസിക്യൂഷൻ ഭാഗം ഒന്നാംരേഖയായി കോടതി തെളിവിൽ സ്വീകരിച്ചു. കേസിലെ രണ്ടാം സാക്ഷിയും ദൃക്സാക്ഷിയുമായയാൾ വിദേശത്തായതിനാൽ ഹാജരായില്ല.
കേസിലെ മൂന്ന് സാക്ഷികൾ നാളെ ഹാജരാകാനും കോടതി ഉത്തരവിട്ടു. പ്രതിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമുള്ള ക്രോസ് വിസ്താരം തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം നാലാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ആർ. സുധാകാന്താണ് കേസ് പരിഗണിക്കുന്നത്. 37 ദിവസം നീളുന്ന സാക്ഷി വിസ്താരത്തില്‍ പ്രോസിക്യൂഷന് നൂറ് സാക്ഷികളുടെ പട്ടികയാണ് നല്‍കിയത്.
പ്രതിക്കായി മുതിർന്ന അഭിഭാഷകൻ കെ. രാമൻപിള്ള ഇന്നലെ ഹാജരായില്ല. അഡീഷനൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ആരംഭിക്കേണ്ടിയിരുന്ന കേസ്, മുട്ടുവേദന കാരണം ഗോവണി കയറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാമൻപിള്ള നൽകിയ തടസ്സ ഹരജിയെ തുടർന്ന് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.