തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത. തനിക്കെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനിടയായ കേസിൽ ഹരജിക്കാരനും മറ്റ് രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നാണ് എബ്രഹാമിന്റെ ആരോപണം. ഇത് സംബന്ധിച്ച കത്ത് കഴിഞ്ഞദിവസം കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഗൂഢാലോചന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം.
2015 മുതൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. മൂന്നുപേരും സംസാരിച്ചതിന്റെ കാൾ റെക്കോഡ് രേഖ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. അതേസമയം, എബ്രഹാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ സംശയങ്ങളുമായി പരാതിക്കാരൻ ജോമോൻ രംഗത്തെത്തി. തന്റേതടക്കമുള്ള ഫോണ്‍ രേഖകള്‍ എങ്ങനെ കെ.എം. എബ്രഹാം ശേഖരിച്ചെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ചോദിച്ചു. ഗൂഢാലോചന തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജോമോൻ പുത്തൻപുരയ്ക്കൽ പ്രതികരിച്ചു.
‘ചുമതല’ തീരുമാനം നിയമനടപടിക്ക് ശേഷം -മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ കാര്യത്തിൽ നിയമനടപടികൾ നടക്കുകയാണെന്നും നിയമ പോരാട്ടം ഒരു ഘട്ടത്തിലെത്തിയ ശേഷം തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തൽ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കുമോ എന്ന ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.