കപട കച്ചവട കമ്യൂണിസ്റ്റുകൾക്ക് സമരങ്ങൾ ചതുർത്ഥിയായിരിക്കുന്നു -കെ.കെ. രമ

കോഴിക്കോട്: കപട കച്ചവട കമ്യൂണിസ്റ്റുകൾക്ക് സമരങ്ങൾ ചതുർത്ഥിയായിരിക്കുന്നെന്ന് കെ.കെ. രമ. സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് പിണറായി വിജയനെന്നും അവർ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലാണ് രമയുടെ രൂക്ഷ വിമർശനം.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇത്ര ഭയത്തോടെയും അവിശ്വാസത്തോടെയും അസഹിഷ്ണുതയോടെയും സമീപിക്കുന്ന ഇതു പോലൊരു ഭരണനേതൃത്വം നാളിന്നോളമുളള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അവർ ചോദിക്കുന്നു. പിണറായി വിജയൻ ആ സ്ഥാനത്ത് തുടരുമ്പോൾ ആരോപണമുന്നയിച്ചവർ വേട്ടയാടപ്പെടുമെന്ന സംശയങ്ങൾക്ക് അടിവരയിട്ടുകൊണ്ടാണ് സ്വപ്നയുടെ സുഹൃത്തിനെ മഫ്തി പൊലീസ് സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയതെന്നും അവർ ആരോപിച്ചു.

സമരങ്ങൾ ചതുർത്ഥിയായിരിക്കുന്നു ഈ കപട കച്ചവട കമ്യൂണിസ്റ്റുകൾക്ക്!! മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ നിന്ന് ജനങ്ങളെ മുഴുവൻ ഒഴിപ്പിക്കുന്നത്രയും പരിഹാസ്യമായ ഭീരുത്വം കേരളം ഇതിന് മുമ്പ് എന്നെങ്കിലും കണ്ടിട്ടുണ്ടോ? പിണറായി വിജയന്റെ സാന്നിധ്യമുള്ളതിന്റെ നിശ്ചിതകിലോമീറ്റർ ചുറ്റളവിൽ കറുപ്പ് നിറത്തിന് പോലും നിരോധനം വരുന്നുവെന്ന സ്ഥിതി എന്തുമാത്രം ഭയാനകമാണ്?! മാധ്യമ പ്രവർത്തകരുടെ പോലും കറുത്ത മാസ്ക്ക് വലിച്ചൂരുകയാണ് പൊലീസ്!! മുഖ്യമന്ത്രിയുള്ള നഗരത്തിൽ കറുത്ത ചുരിദാറണിഞ്ഞ് സഞ്ചരിച്ച കുറ്റത്തിന് ട്രാൻസ്ജെന്റെഴ്സിനെ പോലും അപമാനിച്ച് പിടിച്ചുകൊണ്ടുപോകുന്ന ഭരണകൂടഭീകരത ഒരു മുഖ്യമന്ത്രിയുടെ ഭീരുത്വത്തിന് കുടപിടിച്ച് നിൽക്കുന്നതാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. തീർച്ചയായും "സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് പിണറായി വിജയൻ" -രമ കുറ്റപ്പെടുത്തി.

പോലീസ് ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കവേ വീഴാൻ പോയ ഒരു വനിതാപ്രവർത്തകയുടെയും അവരെ താങ്ങിപ്പിടിച്ച സഹപ്രവർത്തകന്റെയും ചിത്രം മുൻനിർത്തി സി.പി.എമ്മിന്റെ സൈബർ വെട്ടുകിളിക്കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ എത്ര ഹീനമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നാം കാണുകയാണ്. കാക്കിപ്പടകൾക്കും കമാന്റോ കാവലുകൾക്കും പൊലീസ് ബാരിക്കേഡുകൾക്കുമകത്ത് ഒളിച്ചിരുന്ന് തന്നിഷ്ടം പോലെ ഭരിക്കാമെന്നു കരുതുന്ന പിണറായി വിജയന്റെ മൗഢ്യത്തെ പൊരുതി തോൽപ്പിക്കും വരെ തീർച്ചയായും കീഴടങ്ങില്ല സമരകേരളം -രമ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്:

ഒരു പൗരസമൂഹം ഉയർത്തുന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇത്ര ഭയത്തോടെയും അവിശ്വാസത്തോടെയും അസഹിഷ്ണുതയോടെയും സമീപിക്കുന്ന ഇതു പോലൊരു ഭരണനേതൃത്വം നാളിന്നോളമുളള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ?

സ്വർണ്ണക്കടത്ത് സംബന്ധിച്ചും കറൻസി കടത്ത് സംബന്ധിച്ചും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനികൾക്കുമെല്ലാമെതിരെ അതിഗുരുതര ആരോപണങ്ങളടങ്ങിയ ഒരു രഹസ്യമൊഴി കോടതി മുമ്പാകെ നൽകിയതായി കേസുമായി ബന്ധമുള്ള യുവതി വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇപ്പോൾ കേരളത്തിൽ ജനകീയ പ്രക്ഷോഭങ്ങളുടെ വേലിയേറ്റമുണ്ടായിരിക്കുന്നത്. അതിന് ശേഷം ആ മൊഴി പിൻവലിപ്പിക്കാൻ തനിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായതായി ഓഡിയോ റെക്കോഡ് തെളിവുകൾ സഹിതം സ്വപ്ന സുരേഷ് സംസ്ഥാന ഭരണനേതൃത്വത്തിനെതിരെ കുറേക്കൂടി ഗൗരവതരമായ വെളിപ്പെടുത്തൽ നടത്തിയതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന ആവശ്യം ശക്തമായിരിക്കുന്നു.

അണിയറയിലെ അശ്ലീലമായ ഒത്തുതീർപ്പ് രാഷ്ട്രീയ കച്ചവടങ്ങളിൽ മുങ്ങിപ്പോകാതെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കേണ്ടത് തീർച്ചയായും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ തന്നെയാണ്. ആരോപണമുന്നയിച്ചവർ വേട്ടയാടപ്പെടുകയോ, ഭീഷണി നേരിടുകയോ ചെയ്യുന്ന സ്ഥിതി ഒഴിവാക്കപ്പെടേണ്ടതുണ്ട്. അവർക്ക് നിർഭയം തെളിവ് നൽകാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. എന്നാൽ പിണറായി വിജയൻ ആ സ്ഥാനത്ത് തുടരുമ്പോൾ ആരോപണമുന്നയിച്ചവർ വേട്ടയാടപ്പെടുമെന്ന സംശയങ്ങൾക്ക് അടിവരയിട്ടുകൊണ്ടാണ് സ്വപ്നയുടെ സുഹൃത്തിനെ മഫ്തി പൊലീസ് സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയത്. മൊഴി പിൻവലിപ്പിക്കാൻ സ്വപ്നയ്ക്ക് മേൽ ഇടനിലക്കാരുടെ സമ്മർദ്ദമുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അത്യന്തം ഗുരുതരമായ ആരോപണങ്ങളിൽ മൂക്കറ്റം മുങ്ങിനിൽക്കുന്നൊരാൾ മുഖ്യമന്ത്രിപദം പോലെ ഒരു അതിപ്രധാനപദവിയിൽ ഇപ്പോഴും കടിച്ചുതൂങ്ങുന്നതിന്റെ നീതികേടും അനൗചിത്യവും കക്ഷിവിധേയ അന്ധതയില്ലാത്ത എല്ലാ മനുഷ്യരും ഇന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നത്.

ആ ജനവികാരമുയർത്തിപ്പിടിച്ച് ഇവിടെ പ്രതിപക്ഷപ്രസ്ഥാനങ്ങളുടെ വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. നാളിതുവരെ കേരളം കണ്ടിട്ടില്ലാത്തവിധം ഭരണകൂടഭീകരതയെ കെട്ടഴിച്ചുവിട്ട് ഈ പ്രതിഷേധങ്ങളെ അമർച്ച ചെയ്യാൻ പിണറായി വിജയൻ നടത്തുന്ന നാണംകെട്ട ശ്രമങ്ങൾ ഈ ദിനങ്ങളിൽ കേരളം കണ്ടുകൊണ്ടിരിക്കുന്നു.

സമരങ്ങൾ ചതുർത്ഥിയായിരിക്കുന്നു ഈ കപട കച്ചവട കമ്യൂണിസ്റ്റുകൾക്ക്!! സമരം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രീയനേതാക്കളെ മുൻകൂർ നോട്ടീസ് നൽകി ഭീഷണിപ്പെടുത്തുകയാണ് പിണറായി വിജയന്റെ പോലീസ്!! മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ നിന്ന് ജനങ്ങളെ മുഴുവൻ ഒഴിപ്പിക്കുന്നത്രയും പരിഹാസ്യമായ ഭീരുത്വം കേരളം ഇതിന് മുമ്പ് എന്നെങ്കിലും കണ്ടിട്ടുണ്ടോ?! പിണറായി വിജയന്റെ സാന്നിധ്യമുള്ളതിന്റെ നിശ്ചിതകിലോമീറ്റർ ചുറ്റളവിൽ കറുപ്പ് നിറത്തിന് പോലും നിരോധനം വരുന്നുവെന്ന സ്ഥിതി എന്തുമാത്രം ഭയാനകമാണ്?! മാധ്യമ പ്രവർത്തകരുടെ പോലും കറുത്ത മാസ്ക്ക് വലിച്ചൂരുകയാണ് പൊലീസ്!! മുഖ്യമന്ത്രിയുള്ള നഗരത്തിൽ കറുത്ത ചുരിദാറണിഞ്ഞ് സഞ്ചരിച്ച കുറ്റത്തിന് ട്രാൻസ്ജെന്റെഴ്സിനെ പോലും അപമാനിച്ച് പിടിച്ചുകൊണ്ടുപോകുന്ന ഭരണകൂടഭീകരത ഒരു മുഖ്യമന്ത്രിയുടെ ഭീരുത്വത്തിന് കുടപിടിച്ച് നിൽക്കുന്നതാണ് കേരളം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. തീർച്ചയായും "സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ് ശ്രീ.പിണറായി വിജയൻ".

പൊലീസും അധികാരവും സൈബറിടങ്ങളിലെ കടന്നലടിമകളും ചേർന്നാൽ ഒരു നാടിന്റെ ജനാധിപത്യ പ്രക്ഷോഭങ്ങളെ ആക്രമിച്ചും വേട്ടയാടിയും അപഹസിച്ചും തോൽപ്പിച്ചു കളയാമെന്ന മൗഢ്യമാണ് കേരളത്തിൻറെ മുഖ്യമന്ത്രിയെ ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. സമരങ്ങളെ അപഹസിക്കാൻ മത്സരിക്കുന്നവർ സമരഭരിതമായ കേരളത്തിന്റെയും തങ്ങളുടെ തന്നെയും ചരിത്രത്തെ തന്നെയാണ് അപഹസിക്കുന്നതെന്ന് മറക്കുകയാണ്. ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവർക്ക് ഇപ്പോൾ കരിങ്കൊടി പോലും 'മാരകായുധ'മാണ്!! പൊലീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞവർക്കിന്ന് കറുത്ത മാസ്ക് പോലും കൊടിയ കുറ്റമാണ്!! ബാരിക്കേഡുകൾ തകർത്തെറിഞ്ഞ് ഭരണകേന്ദ്രങ്ങളിലേക്ക് ഇരമ്പിക്കയറിയ എണ്ണമറ്റ സമരങ്ങളുടെ ചരിത്രമുള്ള കേരളത്തിൽ പിണറായി വിജയന്റെ ഭരണത്തിൽ ബാരിക്കേഡിൽ കയറാൻ ശ്രമിക്കുന്നത് പോലും ''ഗുരുതര നിയമലംഘന''മായിരിക്കുന്നു!!

പോലീസ് ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കവേ വീഴാൻ പോയ ഒരു വനിതാപ്രവർത്തകയുടെയും, അവരെ താങ്ങിപ്പിടിച്ച സഹപ്രവർത്തകന്റെയും ചിത്രം മുൻനിർത്തി സിപിഎമ്മിന്റെ സൈബർ വെട്ടുകിളിക്കൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ എത്ര ഹീനമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നാം കാണുകയാണ്. ഈ തെരുവിൽ

ലിംഗഭേദമെന്യേ തോളോട് തോൾചേർന്ന് ചോരചിന്തിപ്പൊരുതിയ ആണിന്റെയും പെണ്ണിന്റെയും സമരവീറിന്റെ ചരിത്രം കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമെന്ന് ഈ അടിമക്കടന്നലുകൾക്ക് പറഞ്ഞുകൊടുക്കാൻ പോലും ആ പാളയത്തിൽ ആരുമില്ലെന്നത് തീർച്ചയായും അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഭരണകൂട ഭീകരതകൊണ്ട് പ്രതിഷേധങ്ങളുടെ വായടപ്പിച്ച്, ജനാധിപത്യ പൗരസ്വാതന്ത്ര്യത്തെ തടവിലിട്ട്, കാക്കിപ്പടയെ കയറൂരിവിട്ട്, പ്രതിഷേധങ്ങളെ തല്ലിയൊതുക്കി, സമരങ്ങളേയും പ്രതിഷേധക്കാരെയും അപഹസിച്ചും അപമാനിച്ചും ധിക്കാരപൂർവ്വം നാടുവാഴാമെന്ന് കരുതുന്ന കേരള മുഖ്യമന്ത്രിയുടെ വെല്ലുവിളിയെ ജനാധിപത്യ കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും. 'സമരങ്ങളിലുടെ വളർന്ന കേരളം സമരങ്ങളിലൂടെ തന്നെ ഭരണാധികാര ധിക്കാരങ്ങളെ ചെറുക്കും'. കാക്കിപ്പടകൾക്കും കമാന്റോ കാവലുകൾക്കും പൊലീസ് ബാരിക്കേഡുകൾക്കുമകത്ത് ഒളിച്ചിരുന്ന് തന്നിഷ്ടം പോലെ ഭരിക്കാമെന്നു കരുതുന്ന പിണറായി വിജയന്റെ മൗഢ്യത്തെ പൊരുതി തോൽപ്പിക്കും വരെ തീർച്ചയായും കീഴടങ്ങില്ല സമരകേരളം.

Full View

Tags:    
News Summary - KK Rema fb post against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.