'സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് അടിയേറ്റിരിക്കുന്നു, നടന്നത് വലിയ ഗൂഢാലോചന'; കോടതി വിധിയില്‍ പ്രതികരിച്ച് കെ.കെ. രമ

കോഴിക്കോട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ എം.എല്‍.എ. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട വലിയ ഗൂഢാലോചനയാണ് നടന്നത്. അതിനാലാണ് സി.ബി.ഐ അനേവേഷണത്തെ പാര്‍ട്ടി എതിര്‍ത്തത്. രണ്ട് ചെറുപ്പക്കാരെ ക്രൂരമായി കൊലപ്പെടുത്തിയത് വലിയ ഗൂഢാലോചനയോടെയാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും കെ.കെ. രമ പ്രതികരിച്ചു.

'ആശ്വാസകരമയ വിധിയായാണ് ഞാനിതിനെ കാണുന്നത്. സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് വീണ്ടും അടിയേറ്റിരിക്കുകയാണ്. കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു സി.പി.എമ്മിന്റെ വാദം. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത പാര്‍ട്ടി, പ്രതികള്‍ക്കായി സുപ്രീംകോടതിയിലെ വലിയ വക്കീലിനെ കൊണ്ടുവന്നു. പാര്‍ട്ടിയുടെ വലിയ നേതാക്കള്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അവര്‍ ശിക്ഷിക്കപ്പെടണമെന്നും പാര്‍ട്ടിക്ക് അറിയാവുന്നതുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ വരെ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നു.

ഏതെങ്കിലും വാടക കൊലയാളികള്‍ നടത്തിയ കൊലപാതകമല്ല ഇത്. ഒന്നാംപ്രതി ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ട് ചെറുപ്പക്കാരെ ക്രൂരമായി കൊലപ്പെടുത്തിയത് വലിയ ഗൂഢാലോചനയോടെയാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവുമൊടുവില്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുമ്പോഴും പാര്‍ട്ടി എതിര്‍ക്കുകയണ്. സി.പി.എമ്മുകാര്‍ക്ക് പങ്കുള്ളതിനാലാണ് അത്. ജനുവരി മൂന്നിന് കുറ്റവാളികള്‍ക്ക് കോടതി പരമാവധി ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' -കെ.കെ. രമ പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തല്‍ ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

Tags:    
News Summary - KK Rama Response on HC Verdict of Periya Twin Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.