കിഴക്കമ്പലം അക്രമം; കിറ്റെക്സ് തൊഴിലാളികളെ കോടതിയിൽ ഹാജരാക്കി, കോടതിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

കോലഞ്ചേരി: കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ കിറ്റെക്സ് തൊഴിലാളികളായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോലഞ്ചേരി ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ എത്തിച്ചത്. പ്രതികളുടെ എണ്ണം കൂടുതലായതിനാൽ പ്രത്യേകമായാണ് കേസ് പരി​ഗണിച്ചത്.

രണ്ട് കേസുകളാണ് സംഭവത്തിൽ രജിസ്റ്റർ ചെയ്തത്. സംഘർഷം അറിഞ്ഞെത്തിയ സ്റ്റേഷൻ ഹൗസ് ഓഫിസർ വി.ടി. ഷാജൻ അടക്കമുളള പൊലീസുകാരെ തടഞ്ഞുവെച്ച് മർദിച്ചതിനും വധിക്കാൻ ശ്രമിച്ചതിനുമാണ് ആദ്യത്തെ കേസ്. രണ്ടാമതായി പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിനും കേസുണ്ട്.

ആദ്യത്തെ കേസിൽ 25 പേരാണ് പ്രതികൾ. ഇവരെയാണ് ആദ്യം കോടതിയിൽ ഹാജരാക്കിയത്. കല്ല്, മരവടി എന്നിവ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു എന്നാണ് റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നത്.

കോടതിയ്ക്ക് മുന്നിൽ പ്രതികൾക്കെതിരെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ആകെ 162 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ഇതിൽ പൊലീസുകാരെ അക്രമിച്ചതുൾപ്പെടെയുള്ള അതിക്രമങ്ങളിൽ തിരിച്ചറിഞ്ഞ പ്രതികളെയാണ് കോടതിയിൽ ഹാജരാക്കിയത്.

അഡ്വ. ഇ.എൻ. ജയകുമാർ പ്രതികൾക്കുവേണ്ടി ഹാജരായി. സർക്കാർ ഭാഗത്തുനിന്നും നിയമസഹായവേദിയുടെ (കെൽസ) വക്കീലാണ് പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ. ഇ.എൻ. ജയകുമാർ. പ്രതികളെ വിയ്യൂർ സ്പെഷ്യൽ ജയിലിലേയ്ക്ക് മാറ്റും.

Tags:    
News Summary - kizhakkambalam violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.