‘കിഫ്ബി’: സ്വന്തം വരുമാനം കൊണ്ട് വായ്പ തിരിച്ചടക്കാനാവും –ധനമന്ത്രി



തിരുവനന്തപുരം: പെട്രോള്‍സെസ്, മോട്ടോര്‍വാഹനനികുതിവിഹിതം എന്നീ വരുമാനങ്ങള്‍ കൊണ്ട് ‘കിഫ്ബി’ വാങ്ങുന്ന വായ്പകള്‍ പൂര്‍ണമായും തിരിച്ചടക്കാനാവുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. സംസ്ഥാന സര്‍ക്കാറിനോ ബജറ്റിനോ ഇതിന്‍െറ ബാധ്യത ഏറ്റെടുക്കേണ്ടിവരില്ളെന്നും നിയമസഭയില്‍, മൂന്ന് ദിവസത്തെ ബജറ്റ് പൊതുചര്‍ച്ചക്ക് മറുപടി പറയവെ അദ്ദേഹം വ്യക്തമാക്കി.

2031-32 ആകുമ്പോള്‍ കിഫ്ബിയുടെ കൈവശം 94,884 കോടിയുണ്ടാകും. അതേ സമയം, ഇപ്പോള്‍ പ്രഖ്യാപിച്ച അരലക്ഷം കോടിയുടെ വായ്പ തിരിച്ചടക്കാന്‍ 94,118 കോടി മതിയാകുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍വാഹനനികുതിവിഹിതം, പെട്രോള്‍ സെസ് എന്നിവയാണ് കിഫ്ബിയിലേക്ക് പോവുക. ഇത് വര്‍ഷം 15 ശതമാനം വീതം വര്‍ധിക്കും. ഇപ്പോള്‍ 1600 കോടിയുള്ളത് അടുത്തവര്‍ഷം 1028 കോടിയും അതിനടുത്ത വര്‍ഷം 1643 കോടിയുമാകും. 31-32ല്‍ 15,116 കോടിയായിരിക്കും. ഇതെല്ലാം ചേര്‍ന്ന് 94,884 കോടി വരും. കിഫ്ബി വഴി 17-18ല്‍ 5000 കോടിയുടെയും 18-19ല്‍ 10,000 കോടിയുടെയും 21-22ല്‍ 15,000 കോടിയുടെയും പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. ഇവ ആകെ 50,000 കോടിയുടേതാണ്. ഇതിന്  ചെലവാകുന്നതനുസരിച്ചാവും  കടമെടുക്കുക. അടുത്തവര്‍ഷം 5000 കോടിയാണ് കടം വാങ്ങുന്നത്. മൂന്ന് വര്‍ഷം തിരിച്ചടവ് വേണ്ട. അടുത്ത ഏഴ് കൊല്ലത്തെ തിരിച്ചടവും ഒമ്പതര ശതമാനം പലിശയുമാണ് കണക്കാക്കുന്നത്. ഒന്നരശതമാനം പലിശയും 30 വര്‍ഷത്തെ തിരിച്ചടവുമുള്ള വിദേശവായ്പ ലഭ്യമാണ്. എന്നാലും ഉയര്‍ന്ന നിരക്കിലേതാണ് കണക്കാക്കുന്നത്.

ആദ്യം എടുക്കുന്ന 5000 കോടിക്ക് പ്രതിവര്‍ഷ തിരിച്ചടവ് 1345 കോടിയാണ്. ആകെ തിരച്ചടവ് 9412 കോടിയും.18-19ലെ 10,000 കോടിക്ക് വാര്‍ഷിക തിരിച്ചടവ് 2689 കോടിയും ആകെ തിരിച്ചടവ് 18,824 കോടിയും. ഇത്തരത്തില്‍ അരലക്ഷം കോടിയുടെ വായ്പക്ക് തിരിച്ചടവായി ആകെ 94,118 കോടിയാണ് വേണ്ടത്. ഇതിലേറെ തുക അപ്പോള്‍ കിഫ്ബിക്ക് വരുമാനം ഉണ്ടാകും. കിഫ്ബിയുടെ ബോണ്ടില്‍ സഹകരണബാങ്കുകള്‍ നിക്ഷേപിക്കും. ട്രഷറിയില്‍ കോര്‍ബാങ്കിങ്ങും ശമ്പളവിതരണവും കൂടി വരുന്നതോടെ 2000 കോടിയോളം എസ്.ബി അക്കൗണ്ടുകളില്‍ എപ്പോഴും കിടക്കും. കെ.എസ്.എഫ്.ഇ ചിട്ടിയിലും പണം കിട്ടും. ഇത് നിസ്സാര പലിശക്ക് കിഫ്ബിക്ക് ലഭിക്കും. ബോണ്ട് വഴിയും സ്വീകരിക്കും. ഈടില്ലാതെ തന്നെ ഭാവിയില്‍ കിട്ടാന്‍ പോകുന്ന വരുമാനം ഇപ്പോള്‍ വിനിയോഗിക്കാനാകും.

കിഫ്ബി വായ്പയുടെ തിരിച്ചടവ് അടുത്ത സര്‍ക്കാറിന്‍െറ മുകളിലാണ് വരുകയെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. വായ്പ ഇപ്പോഴത്തേക്കല്ല, ഭാവിയിലേക്കുള്ളതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിലവില്‍ വായ്പയുടെ 70 ശതമാനം റവന്യൂചെലവുകള്‍ക്കാണ് ഉപയോഗിക്കുന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഇത് 0.5 ശതമാനമായി കുറയും. ഇതോടെ വായ്പ പൂര്‍ണമായി മൂലധനചെലവിന് വിനിയോഗിക്കാനാകും. വൈദ്യുതി ബോര്‍ഡ് പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 20,000 കോടിയും കിഫ്ബിക്ക് തിരിച്ചുകിട്ടും. ടോള്‍ ഉണ്ടാകുമോയെന്ന് പ്രതിപക്ഷം ചോദിച്ചെങ്കിലും മന്ത്രി വ്യക്തമായി മറുപടി പറഞ്ഞില്ല.

Tags:    
News Summary - kifbi loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.