പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മാല കവർന്ന്​ ഉപേക്ഷിച്ച സംഭവം; രണ്ടു പേർ പിടിയിൽ

കൊട്ടിയം: മാതാപിതാക്കളൊടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനെ അർധരാത്രിയിൽ  തട്ടിക്കൊണ്ടുപോയി മാല കവർന്ന ശേഷം വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടു പേർ കണ്ണനല്ലൂർ പൊലീസി​​െൻറ പിടിയിലായി. കൊറ്റങ്കര റാണി നിവാസിൽ വിജയകുമാർ (40), കൊറ്റങ്കര തുരുത്തിയിൽ പടിഞ്ഞാറ്റതിൽ മണികണ്ഠൻ (29) എന്നിവരാണ് കണ്ണനല്ലൂർ പൊലീസി​​െൻറ പിടിയിലായത്. ബൈക്കി​​െൻറ ത്രികോണാകൃതിയിലുള്ള നമ്പർ പ്ലേറ്റാണ് പ്രതികളെ കുടുക്കാൻ സഹായകമായത്. കുട്ടിയുടെ കൈയിൽ കിടന്ന സ്വർണ ചെയിൻ തട്ടിയെടുത്ത ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു സംഘം. 

ഇക്കഴിഞ്ഞ നാലാം തീയതി പുലർച്ചെയായിരു​ന്നു നാടിനെ നടുക്കിയ സംഭവം. തൃക്കോവിൽവട്ടം ചേരീക്കോണം തലച്ചിറകോളനിയിൽ ബീമാ മൻസിലിൽ ഷെഫീക്ക്​ - ഷംന ദമ്പതികളുടെ ആറു മാസം പ്രായമുള്ള ഷെഹ്സിയയെയാണ് പ്രതികളിലൊരാളായ വിജയകുമാർ തട്ടികൊണ്ടുപോയി ഉപേക്ഷിച്ചത്. മാതാപിതാക്കളൊടൊപ്പം കിടപ്പുമുറിയിൽ ഉറങ്ങികിടക്കവെ വീടി​​െൻറ അടുക്കള വാതിലിലൂടെ അകത്തു കടന്ന് കുഞ്ഞിനെ എടുത്തു കൊണ്ടുപോവുകയായിരുന്നു. കുഞ്ഞി​​െൻറ കൈയിൽ കിടന്ന സ്വർണ മാല അപഹരിച്ച ശേഷം തലച്ചിറയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയെ ഒളിപ്പിച്ചു വെക്കുകയും അടുത്തുള്ള ചേരീക്കോണം ചിറയിൽ വീട്ടിൽ ഹുസൈബയുടെ വീട്ടിൽ മോഷണം നടത്തുന്നതിനായി കയറുകയും ചെയ്തു. 

അനക്കം കേട്ട് ഹുസൈബ ഉണർന്ന് നിലവിളിച്ചതിനെ തുടർന്ന് അവിടെ നിന്ന്​ കടന്ന പ്രതി വിജയകുമാർ തലച്ചിറയിലുള്ള വിളയിൽ വീട്ടിൽ ഹുസൈ​​െൻറ വീടി​​െൻറ പിൻ വാതിൽ വഴ​ി അകത്തു കടക്കാൻ ശ്രമിച്ചു. ആടുകൾ നിലവിളിച്ചതിനെ തുടർന്ന് ഹുസൈൻ ഉണർന്ന് വിജയകുമാറിനെ പിടികൂടാൻ ശ്രമിച്ചു. മൽപ്പിടുത്തത്തിനിടെ പ്രതി ഇയാളെ അടിച്ചുവീഴ്ത്തുകയും കുഞ്ഞിനെ ഒളിപ്പിച്ചിരുന്ന സ്ഥലത്തു നിന്നെടുത്ത് വലിച്ചെറിഞ്ഞ ശേഷം ബൈക്കിൽ രക്ഷപെടുകയായിരുന്നു. എന്തോ തറയിൽ വീഴുന്ന ശബ്ദം കേട്ട് ഹുസൈൻ പരിസരത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിനെ കാണുന്നത്. കുട്ടിയുടെ മുഖത്ത് ചെളി പുരണ്ട നിലയിലായിരുന്നു. കുട്ടിയുടെ മുഖത്തെ ചെളി കളഞ്ഞപ്പോഴാണ് അടുത്ത വീട്ടിലെ ഷെഫീക്കി​​െൻറ മകൾ ഷെഹ്സിയയാണെന്ന് തിരിച്ചറിയുന്നത്. 

നാട്ടുകാർ വീട്ടിലെത്തിച്ചപ്പോഴാണ് മാതാപിതാക്കൾ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് കുഞ്ഞിനെ ആദ്യം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലത്തറയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന്​ കണ്ണനല്ലൂർ പൊലീസ്​ പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ത്രികോണാകൃതിയിലുള്ള നമ്പർ പ്ലേറ്റുള്ള ഒരു ബൈക്കിലാണ് പ്രതി കടന്നതെന്ന് പൊലീസിന് വ്യക്തമായതോടെ ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകളുള്ള ബൈക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. 

കുട്ടിയുടെ കൈയിൽ നിന്ന്​ മോഷ്ടിച്ച സ്വർണ ചെയിൻ പണയം വെക്കുന്നതിനായാണ് വിജയകുമാറി​​െൻറ സ​േഹാദരിയുടെ മകനായ മണികണ്ഠ​​െൻറ സഹായം തേടിയത്. മോഷണവിവരം മണികണ്ഠനും അറിഞ്ഞിരുന്നു. കുരീപ്പള്ളി ആലുംമൂട്ടിലുള്ള ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചിരുന്ന സ്വർണം പ്രതികളുമായെത്തി പൊലീസ് കണ്ടെടുത്തു. കുട്ടിയെ തട്ടിയെടുക്കാനെത്തിയ ബൈക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ പ്രതി വിജയകുമാറി​​െൻറ ബൈക്ക് മുൻപൊരിക്കൽ കണ്ണനല്ലൂർ പൊലീസ് പിടികൂടിയിരുന്നു. അന്ന് ബൈക്ക് സ്റ്റേഷനിൽ നിന്നും ഇറക്കാൻ സഹായിച്ചത് ചേരീക്കോണം സ്വദേശിയായിരുന്നു. ഇതാണ് പ്രതിക്ക്​ ചേരീക്കോണവുമായുള്ള ബന്ധമെന്ന് പൊലീസ് പറഞ്ഞു. 

പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി വരികയാണ്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ കമ്മീഷണറുടെ ഡാൻസാഫ് ടീമും, ചാത്തന്നൂർ എ.സി .പി ഷൈനു തോമസ്, കണ്ണനല്ലൂർ എസ്.എച്ച്.ഒ. വിപിൻ കുമാർ, എസ്.ഐ.മാരായ നിയാസ്, സുന്ദരേശൻ, ഡാൻസാഫ് ടീം എസ്.ഐ ജയകുമാർ, എ.എസ്.ഐമാരായ നജീബ്, അരുൺ, സന്തോഷ് ലാൽ, ഡാൻസാഫ് ടീം അംഗങ്ങളായ സീനു, മീനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 

Tags:    
News Summary - kidnapped baby girl two under police custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.