തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ സർജറി ഒ.പിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന് കെ.ജി.എം.ഒ.എ. ആശുപത്രിയിൽ ഓ പി സമയം കഴിഞ്ഞതിനു ശേഷവും ആത്മാർഥയോടെ രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ ഡോക്ടറെയാണ് യാതൊരു പ്രകോപനവും കൂടാതെ കൈയേറ്റം ചെയ്യപ്പെട്ടത്.
ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടർ ഗുരുതരമായ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമകാരി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തുവെന്നത് ആശ്വാസകരമാണ്. എന്നാൽ, വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾ അടക്കം ചികിത്സയിലിരിക്കുന്ന ആശുപത്രികളിൽ അക്രമം അഴിച്ചു വിടുന്ന സാമൂഹ്യവിരുദ്ധർ പാവപ്പെട്ട രോഗികളുടെ ആരോഗ്യവും ജീവനും വെച്ചാണ് പന്താടുന്നത്. അതുകൊണ്ടുതന്നെ ആശുപത്രി ആക്രമണങ്ങൾ ഏതു വിധേനയും ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ചു കടക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നുള്ള സംഘടനയുടെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്. ആശുപത്രികളിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുകയും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും തിരക്ക് കുറയ്ക്കുന്നതിന് മതിയായ മാനവ വിഭവശേഷി ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.