കേരളശ്ശേരി യക്കിക്കാവിൽ സ്ഫോടനത്തിൽ തകർന്ന വീട്

മനുഷ്യമാംസം കത്തിക്കരിഞ്ഞ മണം, ചിതറിത്തെറിച്ച മാംസാവശിഷ്ടം; സ്ഫോടനത്തിൽ തകർന്ന വീട്ടിൽ മരിച്ചത് ആരെന്ന് ഇനിയും തിരിച്ചറിഞ്ഞില്ല, ഡി.എൻ.എ പരിശോധന ഫലത്തിന് കാത്തിരിപ്പ്

കല്ലടിക്കോട് (പാലക്കാട്): കരിമരുന്നിന്റെ രൂക്ഷഗന്ധത്തിനൊപ്പം മനുഷ്യമാംസം കത്തിക്കരിഞ്ഞ മണവും... ചിതറിത്തെറിച്ച മാംസാവശിഷ്ടങ്ങൾ കണ്ടുനിൽക്കാനാവാതെ കൂടിനിന്നവർ ഓരോരുത്തരായി പിൻവാങ്ങി... കേരളശ്ശേരിയിൽ ഇന്നലെ സ്ഫോടനത്തിൽ ഒരാൾ ​കൊല്ലപ്പെട്ട വീട്ടിലാണ് മനസ്സുലക്കുന്ന രംഗങ്ങൾ. സംഭവം നടന്ന് ഒരുദിവസം പിന്നിട്ടിട്ടും കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡി.എൻ.എ പരിശോധന ഫലത്തിന് കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.


കേരളശ്ശേരി യക്കികാവ് വീട്ടിൽ അബ്ദുൽറസാഖ് -സുഹ്റ ദമ്പതികളുടെ വീടാണ് പൊട്ടിത്തെറിയിൽ തകർന്നത്. സംഭവ സമയം ഗൃഹനാഥൻ അബ്ദുറസാഖ് അകത്ത് ഉണ്ടായിരുന്നുവെന്നും പറയുന്നു. ഭാര്യ സുഹ്റ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇവർ രണ്ടു പേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മാറ്റാരെയും പരിസരവാസികൾ കണ്ടതായി ഓർക്കുന്നില്ല. സംഭവ ശേഷം ഗൃഹനാഥനെ കാണാതായത് ദുരൂഹത കൂട്ടി. അബ്ദുൽ റസാഖാവാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ചിതറിക്കിടന്ന മാംസാവശിഷ്ടങ്ങൾ ഫോറൻസിക് സംഘം ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചു. ഡി.എൻ.എ പരിശോധന ഫലം പുറത്ത് വന്നാൽ മാത്രമെ കൊല്ലപ്പെട്ടത് ആരെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ.

വീട്ടിനകത്ത് അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ചാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ ഉഗ്രൻ സ്ഫോടനം നടന്നത്. കെട്ടിടത്തിന്റെ അടുക്കള ഭാഗമാണ് തകർന്നത്. ഒന്നര കിലോമീറ്റർ ദൂരം വരെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു. തകർന്ന വീട്ടിൽ പടക്കം നിർമിച്ചിരുന്നുവോ എന്ന കാര്യവും അന്വേഷണ പരിധിയിലാണ്. പടക്കം നിർമിക്കുന്ന സമയത്ത് തീ പിടിച്ച് പൊട്ടിത്തെറി ഉണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.


സ്ഫോടനം നടന്നതോടെ നാട്ടുകാർ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നാണ് ആളുകൾ ആദ്യംകരുതിയത്. വീട്ടുപകരണങ്ങൾ പൂർണമായും തകർന്നിരുന്നു. പൊലീസ് എത്തിയാണ് പടക്കശേഖരം പൊട്ടിയതാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വീടിനടുത്തേക്കുള്ള പ്രവേശനം തടഞ്ഞ് വിദഗ്ധ പരിശോധനക്കായി മുദ്ര ചെയ്തു.

പടക്കനിർമാണത്തിന് റസാഖിന് ലൈസൻസില്ലെന്ന് പൊലീസ് പറയുന്നു. ഉത്സവങ്ങൾക്കും വന്യമൃഗങ്ങളെ തുരത്തുന്നതിനും പടക്കം ഉപയോഗിക്കുന്ന സാഹചര്യം പരിഗണിച്ച് വിൽപനക്ക് ശേഖരിച്ച പടക്കം പൊട്ടിത്തെറിച്ചതാവാം പൊട്ടിത്തെറിയുടെ വ്യാപ്തി കൂട്ടിയത്. സംഭവ സമയത്ത് പരിസരത്ത് ആരുമുണ്ടാവാത്തതിനാൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം കുറച്ചു. പരിസരത്ത് നിരവധി വീടുകൾ ഉള്ള പ്രദേശമാണിത്. തൊട്ടടുത്ത വീടുകളിലേക്കും പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ ചിതറിയെത്തി.

സ്ഥലത്തെ സാമ്പിൾ ഡി.എൻ.എ പരിശോധനക്ക് തൃശൂരിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചു. കോടതി മുഖേന റിപ്പോർട്ട് കൈമാറും. സ്ഫോടക വസ്തു നിയമപ്രകാരം ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കോങ്ങാട് സി.ഐ വി.എസ്. മുരളിധരനാണ് അന്വേഷണ ചുമതല. ഡിവൈ.എസ്.പി ശ്രീകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് കുമാർ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.


Tags:    
News Summary - keralassery house blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.