തിരുവനന്തപുരം: രാഷ്‌ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ ദ്രൗപദി മുർമുവിന് ഹൃദ്യസ്വീകരണം. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാറിന്‍റെ ആഭിമുഖ്യത്തിൽ പൗരാവലി വർണാഭ സ്വീകരണമാണ് ഒരുക്കിയത്. പൗരപ്രമുഖരും നയതന്ത്രപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പിന്നാക്ക വിഭാഗാംഗങ്ങളുമുൾപ്പെടെ സാന്നിധ്യത്തിലാണ് ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ സ്നേഹാദരം രാഷ്ട്രപതിക്ക് സമ്മാനിച്ചത്.
സംസ്ഥാനത്തിന്റെ ഉപഹാരമായി ആമാടപ്പെട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ദ്രൗപദി മുർമുവിന് സമ്മാനിച്ചു. കുടുംബശ്രീ ഉപഹാരമായി രാഷ്ട്രപതിയുടെ ചിത്രം മന്ത്രി എം.ബി. രാജേഷും തിരുവനന്തപുരം നഗരസഭയുടെ ഉപഹാരം മേയർ ആര്യ രാജേന്ദ്രനും സമ്മാനിച്ചു. സി.ഡി.എസ് ഭരണസമിതി അംഗങ്ങളായ അഞ്ചുലക്ഷം വനിതകൾ ചേർന്ന് കുടുംബശ്രീയുടെ ഇതുവരെയുള്ള ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനവും ലോഗോ അനാച്ഛാദനവും രാഷ്ട്രപതി നിർവഹിച്ചു. ചുവട്, കുടുംബശ്രീ @25 പുസ്തകങ്ങൾ പ്രകാശനം ചെയ്‌ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പകർപ്പുകൾ രാഷ്‌ട്രപതിക്ക് സമ്മാനിച്ചു.
പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ സമഗ്ര വികസനത്തിനുള്ള ‘ഉന്നതി’ പദ്ധതിയും രാഷ്ട്രപതി ഉദ്ഘാടനം ചെയ്‌തു. ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡിപ്ലോമ, എൻജിനീയറിങ് ടെക്‌നിക്കൽ ബുക്കുകളുടെ ആദ്യപകർപ്പ് ഗവർണർ പ്രകാശനം ചെയ്‌തു.
ആദ്യപകർപ്പ് എ.ഐ.സി.ടി.ഇ ചെയർമാൻ ടി.ജി. സീതാറാം രാഷ്‌ട്രപതിക്ക് സമ്മാനിച്ചു. മന്ത്രി കെ. രാധാകൃഷ്‌ണൻ, സ്‌പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി വി.പി. ജോയി, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് എന്നിവർ പങ്കെടുത്തു.രാവിലെ സംയുക്ത സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കുന്നതിന് കൊല്ലത്തേക്ക് തിരിച്ച രാഷ്ട്രപതിയെ ഗവർണർ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ, എയർ വൈസ് മാർഷൽ എസ്.കെ. വിധാതെ, പൊതുഭരണ അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, കലക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്ന് യാത്രയാക്കി.
മഠം സന്ദർശനത്തിനുശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയാണ് 12 ഓടെ പൗരസ്വീകരണത്തിൽ പങ്കെടുത്തത്. രാത്രിയിൽ ഗവർണർ സംഘടിപ്പിച്ച അത്താഴ വിരുന്നിലും രാഷ്ട്രപതി പങ്കെടുത്തു.
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്നും മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ ഇത് പ്രതിഫലിക്കുന്നതായും രാഷ്ട്രപതി ദ്രൗപദി മുർമു. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ നൽകിയ പൗര സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’മാറി.
കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ആരംഭിച്ച ‘ഉന്നതി’ പദ്ധതി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. പട്ടികജാതി-പട്ടികവർഗക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഉന്നതി പദ്ധതിയുടെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് തിരുവനന്തപുരം ജില്ലയിൽനിന്നുള്ള കുട്ടിമാത്തൻ കാണിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു നൽകി. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്‌കൂളിലെ മാസ്റ്റർ അജു വരച്ച ചിത്രം തദ്ദേശ മന്ത്രി എം.ബി. രാജേഷ് രാഷ്ട്രപതിക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.