ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ

വ്യോമസേനയുടെ ബിൽ കേരളം അടക്കേണ്ടി വരില്ല; സി.പി.എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -വി.മുരളീധരൻ

കോട്ടയം: രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സി.പി.എമ്മിന്‍റെ രാഷ്ട്രീയ വേലയെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രതിരോധ വകുപ്പിന്‍റെ സാധാരണ നടപടി ക്രമത്തെ വക്രീകരിക്കുകയാണ് മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് മുരളീധരൻ കോട്ടയത്ത് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ ചട്ടമാണിത്. വ്യോമസേനയുടെ ബില്‍ കേരളം അടയ്ക്കേണ്ടി വരില്ല. ഇത് നീക്കുപോക്കുകൾ മാത്രമാണ്. വർഷങ്ങളായി വകുപ്പുകൾ തമ്മിൽ സേവനത്തിന്‍റെ ബില്ലുകൾ കൈമാറാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.

ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ.

1970ലെ ആംഡ് ഫോഴ്സ് ആക്ട് പ്രകാരവും 1990ലെ ഗവൺമെന്‍റ് അക്കൗണ്ടിങ് നിയമ പ്രകാരവുമുള്ള നടപടി മാത്രമാണിത്. നരേന്ദ്രമോദി അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് നല്‍കുന്ന പണമല്ല, പൊതുഖജനാവിലെ പണമാണ്. ഭാവിയില്‍ അഴിമതി ആരോപണമടക്കം ഉണ്ടാകാതിരിക്കാന്‍ ചട്ടം പാലിച്ചേ മുന്നോട്ടുപോകാനാവൂ എന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സർക്കാരിന്‍റെ ഔദ്യോഗിക നടപടിക്രമത്തെ വക്രീകരിച്ച് രാഷ്ട്രീയ വിവാദമുണ്ടാക്കുന്നവർ 1970 മുതൽ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണോ എന്ന് വ്യക്തമാക്കണം. കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് പൊലീസിനെ നിയോഗിച്ചാല്‍ ആഭ്യന്തരവകുപ്പ് ദേവസ്വം വകുപ്പിന് ബിൽ നല്‍കും. അത്തരമൊരു നടപടി മാത്രമാണിതെന്ന് അറിഞ്ഞിട്ടും സ്വന്തം വീഴ്ചമറക്കാൻ സി.പി.എം തെറ്റിദ്ധരിപ്പിക്കുകയാണ്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ച് ദുരന്തബാധിതർക്ക് സഹായമെത്തിക്കുകയാണ് പിണറായി വിജയൻ ചെയ്യേണ്ടതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Kerala will not have to pay the Air Force's bill says V Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.