തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നിരസിച്ചെന്ന വിവാദത്തിൽ വൈസ്ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സർവകലാശാല സിൻഡിക്കേറ്റ്. സമ്മർദത്തിനടിപ്പെട്ടാണ് ഗവർണർക്ക് കത്ത് നൽകാൻ നിർബന്ധിതനായതെന്ന് ബുധനാഴ്ച വിളിച്ച പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ വി.സി വിശദീകരിച്ചു.
രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് കത്ത് എഴുതി വാങ്ങിയതെന്ന് വി.സി യോഗത്തിൽ പറഞ്ഞു. ഗവർണറുടെ നിർദേശം സിൻഡിക്കേറ്റംഗങ്ങളുമായി ചർച്ച ചെയ്തിരുന്നു.
എന്നാൽ, നിയമ, പ്രോട്ടോകോൾ പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോഴാണ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നത്. 1997ൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണന് ഡി.ലിറ്റ് നൽകാൻ കേരള സർവകലാശാല തീരുമാനിച്ചിരുന്നു. എന്നാൽ, രാഷ്ട്രപതി ഭവൻ തന്നെ പ്രോട്ടോകോൾ ലംഘനമെന്ന നിലയിൽ അത് നിരസിക്കുകയായിരുന്നു.
2018ൽ ഇപ്പോഴത്തെ രാഷ്ട്രപതിക്ക് ഡോ.വൈ.എസ്.പാർമാർ യൂനിവേഴ്സിറ്റി ഡോക്ടർ ഓഫ് സയൻസ് നൽകാൻ തീരുമാനിച്ചെങ്കിലും രാഷ്ട്രപതി അത് സ്വീകരിച്ചില്ല. പ്രോട്ടോകോളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മറ്റ് നിയമപ്രശ്നങ്ങൾക്കും വ്യക്തതയില്ലാതെ രാഷ്ട്രപതിക്ക് കേരള സർവകലാശാല ഡി.ലിറ്റ് നൽകാൻ തീരുമാനിച്ചാൽ അത് വിവാദങ്ങൾക്ക് കാരണമായിത്തീരുമെന്നായിരുന്നു പൊതു അഭിപ്രായം. അതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക ചർച്ചകൾ ഉണ്ടാകാതിരുന്നതെന്നും വി.സി വിശദീകരിച്ചു.
കഴക്കൂട്ടം: പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ താന്‍ വിമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കത്തിലെ ഭാഷയെയാണ് പരാമര്‍ശിച്ചതെന്നും ഗവര്‍ണര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതിന് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടണമെന്ന് ചാന്‍സലര്‍ എന്ന നിലയിലാണ് വൈസ് ചാന്‍സലറോട് താന്‍ നിർദേശിച്ചത്. അതെങ്ങനെ സമ്മര്‍ദമെന്ന് പറയാനാകും. അതുചെയ്യാതെ, പകരം സിന്‍ഡിക്കേറ്റ് അത് തള്ളിയെന്ന് എഴുതിത്തരുകയാണ് വി.സി ചെയ്തത്. മറ്റാരെങ്കിലും സമ്മര്‍ദം ചെലുത്തിയെങ്കില്‍ അതാരെന്ന് വി.സിയാണ് പറയേണ്ടത്. താന്‍ ചാന്‍സലറായി തുടരുകയാണെങ്കില്‍ സര്‍വകലാശാലകളിലെ പ്രശ്നങ്ങളില്‍ കടുത്ത നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.