‘അമുസ്‍ലിം അംഗങ്ങളില്ലാത്ത വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിക്കേണ്ട’; തമിഴ്നാടിനെ പിന്തുണച്ച് കേരളവും സുപ്രീംകോടതിയിൽ
ന്യൂഡൽഹി: അമുസ്‍ലിംകളെ അംഗങ്ങളാക്കാത്തതിന് പ്രവർത്തനം മരവിപ്പിച്ച മദ്രാസ് ഹൈകോടതി വിധിക്കെതിരെ തമിഴ്‌നാട് വഖഫ് ബോർഡ് നടത്തുന്ന കേസിൽ കക്ഷി ചേരാൻ കേരള വഖഫ് ബോർഡ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കേരളത്തിലെ ക്രിസ്ത്യൻ തീവ്രവാദ സംഘടനയായ ‘കാസ’ തമിഴ്നാട് ബോർഡിനെതിരെ കേസിൽ കക്ഷിചേർന്നതിന് പിന്നാലെയാണ് തമിഴ്നാടിനെ പിന്തുണച്ച് കേരള വഖഫ് ബോർഡിന്റെ നീക്കം.
ഇടത് നിയന്ത്രണത്തിലുള്ള കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സമർപ്പിച്ച അപേക്ഷ തമിഴ്നാടിന്റെ കേസ് ഒക്ടോബറിലേക്ക് മാറ്റിയതിനാൽ ഇനി അതിനൊപ്പം മാത്രമേ പരിഗണിക്കൂ. തമിഴ്നാട് വഖഫ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് സമർപ്പിച്ച അപേക്ഷയിൽ 11 അംഗങ്ങൾ തികച്ചില്ലെങ്കിലും അഞ്ച് അംഗങ്ങൾ മിനിമം ഉണ്ടെങ്കിലും ബോർഡിന് തീരുമാനമെടുത്തു മുന്നോട്ടുപോകാമെന്ന് പുതിയ വഖഫ് നിയമത്തിൽ വ്യവസ്ഥകളുണ്ടായിരിക്കേ രണ്ട് അമുസ്‍ലിംകൾ ഇല്ലാത്തതിന്റെ പേരിൽ വഖഫ് ബോർഡ് പ്രവർത്തനം സ്റ്റേ ചെയ്യാനാവില്ലെന്ന് ബോർഡ് ബോധിപ്പിച്ചു.
വഖഫ് ബോർഡിൽ ഒഴിവുകൾ നിലനിൽക്കുന്നതോ ബോർഡ് പൂർണമായിട്ടില്ലെന്നതോ അതിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും തടയാനുള്ള കാരണമല്ലെന്ന് ചെയർമാൻ കെ.എസ് ഹംസ ന്യൂഡൽഹിയിൽ ‘മാധ്യമ’ത്തോടു പറഞ്ഞു. തമിഴ്നാടിന്റെ ഇതേ നിയമപ്രശ്‌നമാണ് കേരള വഖഫ് ബോർഡും നേരിടുന്നതെന്ന് പറഞ്ഞ ഹംസ എന്നാൽ ഷോൺ ജോർജും ‘കാസ’യും സ്വീകരിച്ച നിലപാടാണ് കേരള സർക്കാർ കൈക്കൊള്ളുന്നതെന്ന് ആരോപിച്ചു.
കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിലെ വീഴ്ചയോ ക്രമക്കേടോ ചൂണ്ടിക്കാട്ടിയല്ല നിയന്ത്രണം ഏർപ്പെടുത്തിയതെന്നും, അംഗങ്ങളിലെ ഒഴിവുകൾ സംബന്ധിച്ച സാങ്കേതിക പ്രശ്നമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച അപേക്ഷയിൽ ബോധിപ്പിച്ചു.
ബോർഡിന്റെ ഘടന പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈകോടതി തമിഴ്‌നാട് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് തമിഴ്‌നാട് വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മദ്രാസ് ഹൈകോടതിയുടെ വിലക്ക് സ്റ്റേ ചെയ്തു. എന്നാൽ, രണ്ട് അമുസ്‍ലിംകൾ ഇല്ലാത്ത ബോർഡ് അപൂർണമാണെന്ന് കാണിച്ച് ജൂലൈ 15ന് കേരള ഹൈകോടതി കേരള വഖഫ് ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും മൂലധനച്ചെലവ് നടത്തുന്നതിനും വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.