ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ പി.വി. മായ സാജൻ
തിരുവനന്തപുരം: അസ്തിത്വ ദുഃഖം പേറി ഉഴലുന്ന, എം.ടി. വാസുദേവൻ നായരുടെ ചന്തു കഥാകാരനോട് ചോദിക്കാൻ ആഗ്രഹിച്ച ചോദ്യമുണ്ടായിരിക്കണം, എന്തിനെന്നെ ഇങ്ങനെയാക്കി?. ചന്തു മാത്രമോ, കുട്ട്യേടത്തിയും ഭ്രാന്തൻ വേലായുധനും ഭീമനും വെളിച്ചപ്പാടും ഇവരെയറിഞ്ഞ മലയാളവും എത്രയോ തവണ ഈ ചോദ്യം ചോദിച്ചിരിക്കണം, ഉത്തരം കിട്ടാതെ നിരാശയുടെ പടുകുഴിയിലാണ്ടിരിക്കണം.
ചോദ്യങ്ങളുമായി സ്വന്തം കഥാപാത്രങ്ങൾ എം.ടി.ക്കു മുന്നിലെത്തിയാലോ...സ്വർഗത്തിലെത്തിയ കഥാപാത്രങ്ങൾ കഥാകാരനെ കണ്ടുമുട്ടുന്നതും ചോദ്യങ്ങളുന്നയിക്കുന്നതും അതിനുള്ള മറുപടികളും അദ്ദേഹത്തിന്റെ ശരികളുമാണ് ഹൈസ്കൂൾ വിഭാഗം ഏകാഭിനയവേദിയിൽ മായ സാജൻ പറഞ്ഞു ഫലിപ്പിച്ചത്.
പാലക്കാട് തൃക്കടീരി പി.ടി.എം.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനിയായ മായ ആദ്യമായാണ് സംസ്ഥാന വേദിയിലെത്തുന്നത്. എ ഗ്രേഡുമായാണ് മടക്കം. കലാഭവൻ നൗഷാദ് ആണ് മോണോആക്ട് പരിശീലിപ്പിച്ചത്. പേരറിവാളന്റെ മോചനം സംബന്ധിച്ച കഥയാണ് ജില്ലയിൽ അവതരിപ്പിച്ചത്. എം.ടിയുടെ മരണത്തോടെ കഥ മാറ്റുകയായിരുന്നു. ചെർപ്പുളശ്ശേരി പുത്തൻവീട്ടിൽ സാജന്റെയും രശ്മിയുടെയും മകളാണ് മായ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.