"മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തെ അനുവദിക്കരുത്"; കേന്ദ്രത്തിന് എം.കെ.സ്റ്റാലിന്റെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകി. പുതിയ ഡാം നിർമിക്കാൻ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം മെയ് 28ന് വിദഗ്ധ സമിതി പരിഗണിക്കാനിരിക്കെയാണ് സ്റ്റാലിന്റെ കത്ത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ളതാണ് ഈ നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കത്തിൽ പറഞ്ഞു.  

മുല്ലപ്പെരിയാറിൽ ഡാം നിർമിക്കാനുള്ള ഡി.പി.ആർ ഒരുമാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമായി വേണ്ടിവന്നാൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.  

മുല്ലപ്പെരിയാർ ഡാമിന്റെ 366 മീറ്റർ താഴെയാണ് കേരളം പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥാലം. പരിസ്ഥിതി ആഘാതപഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ലഭിക്കേണ്ടതുണ്ട്. പുതിയ ഡാമിന് ഡി.പി.ആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. 2011ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.

അതേസമയം ചിലന്തിയാറിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. 

തടയണ നിർമിക്കുന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വട്ടവടയിലെ ചിലന്തിയാറില്‍ ജലവിഭവ വകുപ്പ് നിര്‍മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള ‘വിയര്‍’ മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളം തടയണ നിര്‍മിച്ച് അമരാവതി നദിയിലേക്കുള്ള നീരൊഴുക്ക് തടയാന്‍ ശ്രമിക്കുകയാണെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ സംശയം തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണെന്നും മന്ത്രി അറിയിച്ചു.

ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വട്ടവട പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിനായി കണ്ടെത്തിയ ചിലന്തിയാറില്‍ വെള്ളച്ചാട്ടം ആയതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ‘വിയര്‍’ നിര്‍മിക്കുന്നത്. ജലം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണിത്. ഏഴായിരത്തോളം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സാണ് ചിലന്തിയാര്‍. ജലത്തിന്റെ നിരപ്പ് ക്രമീകരിച്ചാല്‍ മാത്രമേ കുടിവെള്ളത്തിനായി പമ്പിങ് സാധ്യമാകൂ.

ക്രമീകരിക്കപ്പെടുന്ന ജലം തമിഴ്‌നാട്ടിലെ അമരാവതി നദിയിലേക്ക് തന്നെ ഒഴുകിപ്പോകും. ആദിവാസി മുതുവാന്‍ സമുദായത്തിൽപെട്ടവര്‍ക്കാണ് പ്രധാനമായും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക. നിര്‍മാണ മേഖല സന്ദര്‍ശിച്ച തമിഴ്‌നാടില്‍ നിന്നുള്ള കര്‍ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധിസംഘത്തിന് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - 'Kerala should not be allowed to build a new dam at Mullaperiyar'; MK Stalin's letter to the Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.