കരുതൽ ഇല്ലെങ്കിൽ വലിയ പിഴ; വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവ്, ബിൽ നിയമസഭയിലേക്ക്
തിരുവനന്തപുരം: മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ബന്ധുക്കൾക്ക് മൂന്നുവർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കും വിധം നിയമനിർമാണം വരുന്നു. നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ‘2026-ലെ കേരള മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്ലിലാണ്’ കർശന വ്യവസ്ഥകൾ.
മുതിർന്ന പൗരന്റെ പരിചരണത്തിനോ സംരക്ഷണത്തിനോ ഉത്തരവാദിത്തമുള്ളവർ, അവരെ ഒഴിവാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ സമ്മതമില്ലാതെ ഏതെങ്കിലും മുതിർന്ന പൗര പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ ഉപേക്ഷിക്കുന്നത് ഇനി ശിക്ഷാർഹമായ കുറ്റമാണ്.
മുതിർന്ന പൗരന്മാരെ പീഡിപ്പിക്കുകയോ ക്രൂരത കാട്ടുകയോ ചെയ്താലും സ്വത്ത് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയാലും മൂന്നുവർഷം വരെ തടവും 50,000 വരെ പിഴയും ലഭിക്കും. നിയമപരമായ അവകാശികൾ, മുതിർന്ന പൗര പരിചരണ കേന്ദ്രങ്ങളുടെ ചുമതലയുള്ളവർ, പരിചരണ കേന്ദ്രങ്ങളിലെ ജീവനക്കാർ, മുതിർന്ന പൗരനെ പരിചരിക്കുന്നതിനായി നിയോഗിക്കപ്പെട്ട കെയർഗിവർമാർ എന്നിവർക്കെതിരെയാണ് കേസെടുക്കാനാവുക. സ്വത്ത് തട്ടിയെടുക്കുന്നത് സൊസൈറ്റിയോ ട്രസ്റ്റോ കമ്പനിയോ ഏജൻസിയോ ആണെങ്കിൽ ഡയറക്ടർമാർ, ട്രസ്റ്റിമാർ, മാനേജർമാർ, സെക്രട്ടറിമാർ എന്നിവരും കുറ്റക്കാരാകും.
റിപ്പോർട്ട് ചെയ്യാതിരുന്നാൽ പിഴ
മുതിർന്ന പൗരൻ പീഡനത്തിനോ ചൂഷണത്തിനോ ഇരയാകുന്നുവെന്ന് കണ്ടെത്തുന്ന ഡോക്ടർമാരോ പരിചരണ കേന്ദ്രങ്ങളോ 48 മണിക്കൂറിനുള്ളിൽ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ന്യായമായ കാരണമില്ലാതെ ഇത് റിപ്പോർട്ട് ചെയ്യാതിരുന്നാൽ 10,000 വരെ പിഴ ചുമത്തപ്പെടും.
കേസ് ഇവർക്കെതിരെ
മുതിർന്ന പൗരൻമാരെ ഉപേക്ഷിച്ചാൽ മക്കൾ, ദത്തെടുത്ത മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ എന്നിവർക്കും ഇവരുടെ അഭാവത്തിൽ സഹോദരനോ സഹോദരിയോ എന്നിവർക്കുമെതിരെ കേസെടുക്കാം. എന്നാൽ, പ്രായപൂർത്തിയാകാത്തവർ ഇതിൽ ഉൾപ്പെടില്ല. മക്കളില്ലാത്ത മുതിർന്ന പൗരന്റെ മരണശേഷം സ്വത്ത് കൈവശം വെക്കുന്നതോ അനന്തരാവകാശമായി ലഭിക്കുന്നതോ ആയ പ്രായപൂർത്തിയായ ഏതൊരു നിയമപരമായ അവകാശിക്കെതിരെയും ബന്ധുവെന്ന പരിഗണനയിൽ കേസെടുക്കാം.
ക്രൂരതയിൽ ഇവയെല്ലാം
ബില്ലിലെ വിശദീകരണമനുസരിച്ച് മുതിർന്ന പൗരനെ അവർ താമസിക്കുന്ന വീട് വിട്ടുപോകാൻ നിർബന്ധിക്കുന്ന പെരുമാറ്റം ക്രൂരതയായി പരിഗണിക്കും. ജീവനോ അവയവങ്ങൾക്കോ ഗുരുതര പരിക്കോ അപകടമോ ഉണ്ടാക്കാൻ ഇടയുള്ള പെരുമാറ്റം, ശാരീരിക- മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികൾ, ജംഗമ-സ്ഥാവര സ്വത്തുക്കൾക്കോ വിലപിടിപ്പുള്ള രേഖകൾക്കോ വേണ്ടി ഉപദ്രവിക്കുകയോ നിർബന്ധിക്കുകയോ ചെയ്യൽ എന്നിവയും ക്രൂരതയുടെ പരിഗണനയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.