‘56 ഇഞ്ചുകാരന്‍റെ പൊലീസിന്‍റെയും പട്ടാളത്തിന്‍റെയും മുന്നിൽ ഒരിഞ്ച് പിന്മാറാതെ മുന്നോട്ട് കുതിക്കണം...’; ഡൽഹിയിൽ സമരരംഗത്തുള്ള വിദ്യാർഥിനിക്ക് പിന്തുണയുമായി മാതാവിന്‍റെ കുറിപ്പ്

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരക്കൊടുങ്കാറ്റ് രാജ്യതലസ്ഥാനത്തെങ്ങും വീശിയടിക്കുകയാണ്. ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധിക്കുന്ന നിരവധി വിദ്യാർഥികളുടെ ചിത്രങ്ങൾ സമരത്തിന്‍റെ ശ്രദ്ധേയ മുഖമായി മാറുന്നതും നമ്മൾ കാണുന്നുണ്ട്.

ഇത്തരം ചിത്രങ്ങൾ ദേശീയ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൈയിൽ എസ്.എഫ്.ഐ പതാകയുമായി കനത്ത പൊലീസ് സന്നാഹത്തിനിടയിലൂടെ ഓടുന്ന പാലക്കാട് മങ്കര സ്വദേശിനിയും ഡൽഹി ഹൻസ്‌രാജ് കോളജിലെ മൂന്നാം വർഷ ആന്ത്രപ്പോളജി വിദ്യാർഥിനിയുമായ പി. പവിത്ര, പൊലീസ് കസ്റ്റഡിയിലെടുത്ത് തൂക്കി കൊണ്ടുപോകുന്ന ഡല്‍ഹി യൂനിവേഴ്‌സിറ്റി ഫ്രറ്റേണിറ്റി ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ സ്വദേശിനിയുമായി ഫൈഫ എന്നിവരുടെ സമരമുഖത്തുനിന്നുള്ള ചിത്രങ്ങളും ഇതിലുണ്ട്. സമരമുഖത്തുള്ള ഫൈഫക്ക് മാതാവ് പി.ടി.പി സാജിത എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. പൊലീസിനും പട്ടാളത്തിനും മുന്നില്‍ പതറാതെ മുന്നോട്ട് കുതിക്കാൻ മകൾക്ക് പിന്തുണ നൽകുന്നതാണ് കുറിപ്പ്.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് പി.ടി.പി സാജിത. പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൈഫയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ ബി.ബി.സിയും അല്‍ജസീറയും ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 56"inch കാരന്‍റെ പോലീസിന്‍റെയും പട്ടാളത്തിന്‍റെയും മുന്നിൽ 1inch പിൻമാറാതെ മുന്നോട്ട് കുതിക്കണം ... അധികാരത്തിന്‍റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ച് തകർക്കുന്നവർക്ക് നേരെ ധൈര്യപൂർവ്വം നിലകൊള്ളണം..... അനീതിയും അസമത്വവും വംശീയതയും പേറുന്ന ഭരണകൂടത്തിന് നേരെ സത്യത്തിന്‍റെയും നീതിയുടേയും മനുഷ്യത്വത്തിന്‍റെയും പ്രതീകമായി ഉയരണം ... ഗ്യാനേഷ്കുമാർ രാജിവെക്കുക, SIR റദ്ദാക്കുക. More power to you -സാജിത ഫേസ്ബുക്കിൽ കുറിച്ചു.

Full View

ഡല്‍ഹി യൂനിവേഴ്‌സിറ്റി ഫ്രറ്റേണിറ്റി ജോയിന്റ് സെക്രട്ടറിയാണ് കണ്ണൂര്‍ സ്വദേശിനിയായ ഫൈഫ. ഐസ നേതാവ് നേഹ ബോറയ്‌ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഹൈഫയെ ദൗലത്പൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകളും യുവജന കൂട്ടായ്മകളും ഡൽഹിയിൽ സമരരംഗത്തുണ്ട്. ഇത്തരത്തിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾ പൊലീസിന്‍റെയും ഹിന്ദുത്വ വാദികളുടെയും അതിക്രമങ്ങൾക്ക് വ്യാപകമായി ഇരകളാകുന്നുണ്ട്.

Tags:    
News Summary - Mother’s Note Expresses Support for Student Protesting in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.