ത​ല​പൊ​ക്കി കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ; വ​രു​മോ ഓ​പ​റേ​ഷ​ൻ കു​ബേ​ര

കണ്ണൂർ: സംസ്ഥാനത്തെ ബ്ലേഡ് സംഘങ്ങളെ നിലക്കുനിർത്താൻ കൊണ്ടുവന്ന ഓപറേഷൻ കുബേര നിലച്ചിട്ട് വർഷങ്ങൾ. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലടക്കം കൊള്ള പലിശ സംഘങ്ങളുടെ പ്രവർത്തനം വീണ്ടും സജീവമായി. കെണിയിൽപ്പെട്ടവരാകട്ടെ കടംകയറി ആത്മഹത്യയുടെ വക്കിലും. പത്ത് വർഷം മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ കൊണ്ടുവന്ന ജനകീയ പദ്ധതിയായിരുന്നു ഓപറേഷൻ കുബേര. അന്ന് അത് വലിയ ജനശ്രദ്ധ നേടുകയും നിരവധി സാധാരണ കുടുംബങ്ങളെയടക്കം ബ്ലേഡ്കാരുടെ കെണിയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു. ഒപ്പം നിരവധി കൊള്ള പലിശക്കാരെ ജയിലിലടക്കാനും സാധിച്ചു.

പിന്നീടിങ്ങോട്ട് കുബേര കടലാസിലൊതുങ്ങുകയാണുണ്ടായത്. അതോടെ പഴയതും പുതിയതുമായ കൊള്ളപലിശക്കാർ രംഗത്തിറങ്ങി. വീടിന്‍റെയും സ്ഥലത്തിന്‍റെയും രേഖകളും വാഹന ആർ.സിയും ചെക്കും ഉൾപ്പെടെ ഈടായി വാങ്ങിയാണ്ബ്ലേഡ് സംഘം ഇടപാട് നടത്തുന്നത്. ആയിരം മുതൽ ലക്ഷങ്ങൾ വരെ കൊള്ള പലിശക്ക് നൽകി നിരവധി പേരെ കെണിയിൽ കുടുക്കുകയാണ് ചെയ്യുന്നത്.

സാധാരണക്കാർ മുതൽ വ്യാപാരികളും ബിസിനസുകാരും വരെ ബ്ലേഡ്കാരുടെ കെണിയിൽ അകപ്പെട്ട സംഭവങ്ങൾ ജില്ലയിലുണ്ട്. തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള കൊള്ളപ്പലിശക്കാരും നിലവിൽ സജീവമാണ്. ആഴ്ച പലിശയിലാണ് ഇവർ പണം നൽകുന്നത്. ഇവരുടെ കണ്ണികളിൽ വ്യാപാരികളാണ് കൂടുതലും ഉൾപ്പെട്ടിട്ടുള്ളത്. മുതലും പലിശയുമടക്കം അടച്ചാലും ഈടായി വാങ്ങിയ സ്ഥലത്തിന്‍റെ രേഖപോലും തിരികെ കൊടുക്കുന്നില്ല. നേരത്തെ കുബേര കേസിൽപ്പെട്ട് പുറത്തിറങ്ങിയവരും പുതുതായി രംഗപ്രവേശം ചെയ്തവരും ബ്ലേഡ് ഇടപാടിൽ സജീവമാണ്.

നഗര ഗ്രാമവ്യത്യാസമില്ലാതെ സാധാരണക്കാരും ചില കച്ചവടക്കാരും നിലവിൽ ബ്ലേഡ് കെണിയിൽപ്പെട്ടിട്ടുണ്ട്. ബ്ലേഡ്കാരുടെ നിരന്തര ഭീഷണിയും ഇവർ നേരിടുന്നുണ്ട്. മാന്യൻമാരായി നടക്കുന്ന ചിലരും ബിനാമികൾ മുഖേന ബ്ലേഡ് ഇടപാട് നടത്തുന്നുണ്ട്. റിട്ട. അധ്യാപകരും ചില സർക്കാർ ഉദ്യോഗസ്ഥരും കാര്യമായി ഒരു പണിയും ചെയ്യാത്തവരുമെല്ലാം കൊള്ളപ്പലിശക്കാരായി പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനടക്കം ബ്ലേഡ് കെണിയിൽപ്പെട്ട് വീടും വണ്ടിയും നഷ്ടപ്പെട്ട സംഭവവും ജില്ലയിൽ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ കക്ഷികൾക്കും മറ്റും വൻതുക പലിശക്കാർ നൽകുന്നതിനാൽ ബ്ലേഡിൽ കുടുങ്ങിയവരുടെ ദുരിതം കാണാൻ ആരുമില്ലെന്നതാണ് സ്ഥിതി.

Tags:    
News Summary - Illegal Moneylenders Resurface in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.