കൂട്ടിക്കൽ കാവാലിയിൽ തിരച്ചിലിനിടെ മാർട്ടിന്റെ മകൾ സാന്ദ്രയുടെ കൈ മണ്ണിനടിയിൽ കണ്ടെത്തിയപ്പോൾ (ഫോട്ടോ: ദിലീപ് പുരക്കൽ)
എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ആകെ മരണം 22; കാണാമറയത്ത് രണ്ടു പേർ
ചിമ്മിനി ഡാം ഷട്ടറുകൾ ഘട്ടങ്ങളായി ഉയർത്തും
തൃശൂർ: ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 7.5 സെ.മീ ഉയർത്തിയത് ആദ്യഘട്ടത്തിൽ ഘട്ടമായി 10 സെ.മീ വരെയും ജലനിരപ്പ് പിന്നെയും ഉയരുകയാണെങ്കിൽ ഘട്ടങ്ങളായി 15 സെ.മീ വരെയും ഉയർത്താൻ അനുമതി നൽകി. കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ശിരുവാണി ഡാം റിവർ സ്ലൂയിസ് 60 സെന്റീമീറ്ററായി ഉയർത്തും
പാലക്കാട്: വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ശിരുവാണി ഡാമിന്റെ റിവർ സ്ലൂയിസ് 60 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കഴിഞ്ഞ ദിവസം ഡാമിന്‍റെ റിവർ സ്ലൂയിസ് 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഡാമിന്റെ പരമാവധി ജലനിരപ്പ് 877.00മീറ്ററാണ്. നിലവിലെ ജലനിരപ്പ് 876.88 മീറ്റർ ആയിട്ടുണ്ട്.
തൃശൂർ പുതുക്കാട് വടക്കേ തൊറവിൽ മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ
3 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൂർ പഞ്ചായത്തിലെ കോക്കാത്ത് കോളനി, ചിറ്റകുന്ന് പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തഹസിൽദാർ, ഒല്ലൂർ പോലീസ്, പുത്തൂർ പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ.
തൃശൂർ പുതുക്കാട് വടക്കേ തൊറവിൽ മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ
3 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൂർ പഞ്ചായത്തിലെ കോക്കാത്ത് കോളനി, ചിറ്റകുന്ന് പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തഹസിൽദാർ, ഒല്ലൂർ പോലീസ്, പുത്തൂർ പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ.
അണക്കെട്ടുകളിൽ ചുവന്ന അലേർട്ട്
വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്തു, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയിൽ ചുവന്ന അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പൊന്മുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലെർട് പ്രഖ്യപിച്ചിട്ടുണ്ട്.
മത്സ്യബന്ധനം നിരോധിച്ചു
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിൽ ലഭിച്ച മുന്നറിയിപ്പ് പ്രകാരം കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം ഇന്ന് വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നു
സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർ ഫോഴ്സ്, ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മല്ലപ്പള്ളിയിൽ എയർ ലിഫ്റ്റിങ്ങിന് നടപടി
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എയർ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് എയർ ഫോഴ്സ് ഹെലികോപ്റ്റർ നിയോഗിച്ചു.
നേവിയുടെ ഹെലികോപ്റ്റർ കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.
സൈന്യം രംഗത്ത്
ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്.
എയർഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി.
സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.
എൻജിനിയർ ടാസ്ക് ഫോഴ്സ് (ETF) ടീം ബാംഗ്ലൂർ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയർ ഫോഴ്സിന്റെ 2 ചോപ്പറുകൾ കോയമ്പത്തൂരിനടുത്തുള്ള സുളൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി.
105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.
വൈകുന്നേരം വരെ മഴ തുടരും; അതീവ ജാഗ്രത കാണിക്കണം -മുഖ്യമന്ത്രി
തിരുവനന്തപുരം: വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
കേരളത്തിലുടനീളം ഇന്ന് (ഒക്ടോബർ 17) വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.