തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ചെറിയൊരു ഇടവേളയ്ക്ക് ശേഷം എത്തുന്ന മഴ ഇന്നും നാളെയും അതിശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ മൂന്ന് ജില്ലകളിലും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും കർശന ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രധാന ജാഗ്രതാ നിർദേശങ്ങൾ
മാറി താമസിക്കണം: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാകണം.
യാനങ്ങളുടെ സുരക്ഷ: മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറുകളിൽ സുരക്ഷിതമായ അകലം പാലിച്ച് കെട്ടിയിടണം. ഇത് കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കുക.
കടലിൽ ഇറങ്ങരുത്: ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഈ സാഹചര്യത്തിൽ അതീവ അപകടകരമാണ്. അതിനാൽ ഇവ പൂർണ്ണമായും ഒഴിവാക്കുക.
വിനോദസഞ്ചാരത്തിന് വിലക്ക്: മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പാടില്ല. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും പൂർണ്ണ വിലക്കുണ്ട്.
തീരശോഷണം: തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.