മുല്ലപ്പെരിയാർ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം പ്രതിഷേധം അറിയിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ലക്ഷ്യമിട്ടുള്ള തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം. തമിഴ്നാടിന്റെ നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, സംസ്ഥാനത്തിന്റെ കടുത്ത വിയോജിപ്പ് തമിഴ്നാടിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

തമിഴ്നാടിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന ജലസേചന വകുപ്പ് അടിയന്തര യോഗം ചേർന്നു. തുടർനടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായും മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയാണ് കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ജലനിരപ്പ് 142 അടിയായി നിലനിർത്തുക എന്ന നിലപാടിൽ സംസ്ഥാനത്തിന് യാതൊരു മാറ്റവുമില്ല. സുപ്രീംകോടതി നിശ്ചയിച്ച ഈ പരിധിക്ക് മുകളിലേക്ക് പോകാൻ ആർക്കും അവകാശമില്ല. സുപ്രീംകോടതിയുടെ മുൻ നിർദേശങ്ങളിന്മേൽ തമിഴ്നാട് ഇതുവരെ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ തമിഴ്നാടിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികൾ സർക്കാർ പരിഗണിക്കുകയാണ്. അതേസമയം, തമിഴ്നാട് സർക്കാരുമായി തുടർ കൂടിയാലോചനകൾ നടത്തുന്ന കാര്യവും കേരളം പരിശോധിക്കുന്നുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായുള്ള ഉന്നതതല വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പുതിയ പ്രതിനിധിയെ നിയമിച്ചു. ഒഡീഷ ജലവിഭവവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറിയായ അശുതോഷ് ഡാഷിനെയാണ് കേരളം തങ്ങളുടെ പ്രതിനിധിയായി നിയോഗിച്ചിട്ടുള്ളത്.

Tags:    
News Summary - Kerala Protests Tamil Nadu Budget Announcement to Raise Mullaperiyar Dam Water Level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.