തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അടക്കം സുപരിചിത മുഖങ്ങളെ രംഗത്തിറക്കി വിജയം നേടാൻ ലക്ഷ്യമിട്ട് സി.പി.എം. കഴിഞ്ഞതവണ 11 സ്വതന്ത്രരും 75 പാർട്ടിസ്ഥാനാർഥികളുമടക്കം 86 പേരെ കളത്തിലിറക്കിയ സി.പി.എമ്മിന് അഞ്ച് സ്വതന്ത്രരടക്കം 67 പേരെയാണ് വിജയിപ്പിച്ചത്.
18 അംഗ പോളിറ്റ് ബ്യൂറോയിൽ കേരളത്തിന്‍റെ പ്രതിനിധികളായ നാലുപേരിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എ. വിജയരാഘവനും ഇക്കുറി കളത്തിലിറങ്ങിയേക്കും. ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടാവില്ല.
എൽ.ഡി.എഫ് സ്ഥാനാർഥികൾ കനത്ത തോൽവിയേറ്റുവാങ്ങുന്ന യു.ഡി.എഫിന്‍റെയും എൻ.ഡി.എയുടെയും പ്രധാന നേതാക്കൾ മത്സരിക്കുന്ന സീറ്റുകളിലടക്കം ഇക്കുറി കരുത്തരെ രംഗത്തിറക്കി മത്സരം കടുപ്പിക്കും. മറ്റിടങ്ങളിലെ പ്രചാരണത്തിൽനിന്ന് പരമാവധി മാറ്റി യു.ഡി.എഫ് നേതാക്കളെ പ്രചാരണകാലത്ത് സ്വന്തം മണ്ഡലത്തിൽ തളച്ചിടുകകൂടിയാണ് ലക്ഷ്യം. അതിനായി അത്തരം സീറ്റുകൾ ഏറ്റെടുക്കുന്നതും പാർട്ടിയുടെ ആലോചനയിലാണ്.
കേന്ദ്രകമ്മിറ്റിയിലെ 16 മലയാളികളിൽ പി.ബി അംഗങ്ങൾ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയടക്കം മൂന്നുപേരെ മാറ്റിനിർത്തിയാൽ അവശേഷിക്കുന്നത് 13 പേരാണ്. ഇവരിൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എന്നിവർക്കൊപ്പം മുൻമന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ.കെ. ശൈലജ, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. സലീഖ, സെക്രട്ടറി സി.എസ്. സുജാത എന്നിവർ മത്സരത്തിനുണ്ടാകും.
സി.പി.എം അണികളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞതവണ മത്സരിക്കാൻ കഴിയാതിരുന്ന കുറ്റ്യാടി സീറ്റിന് പകരം പേരാമ്പ്ര കേരള കോൺഗ്രസ് (എം) ന് നൽകുന്നപക്ഷം എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരത്തിനുണ്ടാവില്ല. സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം, കെ. രാധാകൃഷ്ണൻ എം.പി, വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രസിഡന്‍റ് പി.കെ. ശ്രീമതി, സംസ്ഥാന നേതൃത്വവുമായി അകന്നുനിൽക്കുന്ന ഇ.പി. ജയരാജൻ എന്നിവർ ഗോദയിലേക്കില്ലെന്നാണ് വിവരം.
പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലുമുൾപ്പെട്ട ഒമ്പതുപേരെ മാറ്റിനിർത്തിയാൽ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ അവശേഷിക്കുന്നത് എട്ടുപേരാണ്. ഇതിൽ മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, മുൻ എം.പി പി.കെ. ബിജു, മുൻ എം.എൽ.എ എം. സ്വരാജ് എന്നിവർ മത്സരിക്കും. എം.വി. ജയരാജൻ, കെ.കെ. ജയചന്ദ്രൻ, സി.എൻ. മോഹനൻ എന്നിവർ കളത്തിലുണ്ടാവാനിടയില്ല.
90 അംഗ സംസ്ഥാന കമ്മിറ്റിയിലെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയിലുൾപ്പെട്ട 14 പേരെയും എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരെയും മാറ്റിനിർത്തിയാൽ അവശേഷിക്കുന്ന 74 പേരിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ഒ.ആർ. കേളു, ഡോ. ആർ. ബിന്ദു, വീണാജോർജ് എന്നിവർക്കൊപ്പം കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, എസ്. സതീഷ്, വി.കെ. സനോജ്, വി. വസീഫ്, ഡി.കെ. മുരളി, വി. ജോയി, കെ. ശാന്തകുമാരി തുടങ്ങിയവർ സ്ഥാനാർഥിത്വം ഏതാണ്ടുറപ്പിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലെ സിറ്റിങ് എം.എൽ.എമാരടക്കം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി, ഏരിയ കമ്മിറ്റി അംഗങ്ങളും സ്വതന്ത്രരും മത്സരരംഗത്തുണ്ടാവും. പാർട്ടിക്ക് സ്വന്തംചിഹ്നത്തിൽ ജയിക്കാനാവാത്തിടത്താണ് സ്വതന്ത്രരെ പരീക്ഷിക്കുക. നിലവിലെ എം.എൽ.എമാരിൽ ടി.ഐ. മധുസൂദനൻ, എം. വിജിൻ, കെ.വി. സുമേഷ്, കെ.എം. സച്ചിൻദേവ്, ലിന്‍റോ ജോസഫ്, യു.ആർ. പ്രദീപ്, എൻ.കെ. അക്ബർ, ദലീമ ജോജോ, എ. രാജ, കെ.യു. ജിനീഷ് കുമാർ, ഐ.ബി. സതീഷ്, ഡോ. സുജിത് വിജയൻപിള്ള എന്നിവരും കളത്തിലുണ്ടാവും.
സ്ഥാനാർഥി നിർണയത്തിൽ രണ്ടു ടേം വ്യവസ്ഥ, പ്രായം, പാർട്ടിഘടകം എന്നിവയടക്കമുള്ള മാനദണ്ഡങ്ങളിൽ ഇക്കുറി കടുംപിടിത്തമുണ്ടാവില്ല. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി അടുത്തയാഴ്ചയോടെ സ്ഥാനാർഥി നിർണയത്തിലേക്ക് സി.പി.എം കടക്കും. കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി എന്നിവ മാത്രമാണ് അധിക സീറ്റാവശ്യപ്പെട്ടത്. പൊതുവിൽ കഴിഞ്ഞതവണത്തെ സ്റ്റാറ്റസ്കോ നിലനിർത്താനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തിയ വിവിധ ജില്ല സെക്രട്ടേറിയറ്റുകൾ, ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ള നേതാക്കളുടെ പേരുകളടങ്ങുന്ന റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് നൽകിവരികയാണ്. മന്ത്രിമാരടക്കം സിറ്റിങ് എം.എൽ.എമാരിൽ ഭൂരിഭാഗം പേരും മത്സരിക്കണമെന്നാണ് പൊതുവികാരം. ചുരുക്കംപേരെ മാറ്റിനിർത്താനും ആവശ്യമുയർന്നിട്ടുണ്ട്.
കടുത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തൃശൂർ, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് അടക്കം 10 സീറ്റുകളിലെ സ്ഥാനാർഥിനിർണയം വിവിധ ഘടകങ്ങളിലെ ചർച്ചക്കൊടുവിലാവും. വോട്ടുചോർച്ച തടയാൻ ഇവിടങ്ങളിലെല്ലാം പാർട്ടി ചിഹ്നത്തിൽ തന്നെയാവും പോരിനിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.