തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 90പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് 20 പേർ മരിച്ചു. വിദേശരാജ്യങ്ങളിൽ ഇന്നലെവരെ 277 പേർ കോവിഡ് ബാധിച്ച് മരിച്ചു. ചൈനീസ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് മുഖ്യമന്ത്രി ആദരാജ്ഞലി അർപ്പിച്ചു.
കാസർകോട് ഒമ്പത്, കണ്ണൂർ നാല്, കോഴിക്കോട് ആറ്, വയനാട് മൂന്ന്, മലപ്പുറം 11, തൃശൂർ എട്ട് , എറണാകുളം അഞ്ച്, പാലക്കാട് ആറ്, കോട്ടയം നാല്, ആലപ്പുഴ, പത്തനംതിട്ട ഒന്നുവീതം, കൊല്ലം 14, തിരുവനന്തപുരം മൂന്നുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്തുനിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. മൂന്നുപേർക്ക് സമ്പർക്കം വഴിയും രോഗം സ്ഥിരീകരിച്ചു.
ബുധനാഴ്ച 203 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 1531 പേർ ചികിത്സയിലുണ്ട്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. ഇതുവരെ 1,22,466 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
കോവിഡ് സ്ഥിതി ഗുരുതരമാണെന്നും കൂടുതൽ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാൻ നടപടി ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിെൻറ മൂന്നാം ഘട്ടത്തിലേക്ക് സംസ്ഥാനം പ്രവേശിച്ചു. പുറമെ നിന്നുവന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്ക് ശീലമാക്കൽ, സമ്പർക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കൽ, റിവേഴ്സ് ക്വാറൻറീൻ എന്നിവ നല്ല രീതിയിൽ നടപ്പാക്കി. ഇതു തുടർന്നും ചെയ്തു കഴിഞ്ഞാൽ രോഗബാധ തടഞ്ഞു നിർത്താം. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.