തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകരുടെ 10 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. കൊയിലാണ്ടി എസ്.എ.ആര്.ബി.ടി.എം സര്‍ക്കാര്‍ കോളജില്‍ ഫിസിക്സ് ലാബില്‍ അറ്റന്‍ഡറുടെ മൂന്ന് തസ്തികകള്‍ സൃഷ്ടിക്കും. മുന്നാക്ക വിഭാഗത്തിനുള്ള സംസ്ഥാന കമീഷനില്‍ 30 തസ്തികകള്‍ സൃഷ്ടിക്കും. ആരോഗ്യ സര്‍വകലാശാലയില്‍ അധ്യാപകവിഭാഗത്തില്‍ 17 തസ്തികകളും അനധ്യാപകവിഭാഗത്തില് 146 തസ്തികകളും സാങ്കേതികവിഭാഗത്തില്‍ 12 തസ്തികകളും അനുവദിക്കും.
കേരള സാഹിത്യ അക്കാദമി, കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിന് അംഗീകാരം. കെടിട്ടനിര്മാണത്തൊഴിലാളി ക്ഷേമബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കും. സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍.ഡി ക്ലര്‍ക്, ഓഫിസ് അറ്റന്‍ഡൻറ്, പ്യൂണ്‍ കം പ്രൊസസ് സെര്‍വര്‍ എന്നിവര്‍ക്കും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നിയമിതരായ 12 പാര്‍ട് ടൈം സ്വീപ്പര്‍മാര്‍ക്കും ധനവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ശമ്പളപരിഷ്കരണം ലഭിക്കും.
കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ ശല്യതന്ത്ര, ശാലാക്യതന്ത്ര, രസശാസ്ത്ര, ഭൈഷജ്യകൽപന വകുപ്പുകളില്‍ പുതിയ പി.ജി കോഴ്സുകള്‍ ആരംഭിക്കും. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കാനായി ആരംഭിച്ച ലൈഫ് മിഷന് പദ്ധതിക്കുവേണ്ടി തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ 1.35 ഹെക്ടര്‍ സ്ഥലവും വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 50 സെൻറ് സ്ഥലവും വിലയീടാക്കാതെ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികള്‍ക്ക് കൈമാറും. പാലക്കാട് ജില്ലയിലെ വടകരപ്പതി, ഒഴലപ്പതി വില്ലേജുകളില്‍ പത്ത് മെഗാവാട്ട് ശേഷിയുള്ള കാറ്റാടി വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാൻ മലയാള മനോരമ കമ്പനിക്ക് അനുമതിനല്‍കി. രണ്ട് മെഗാവാട്ട് വീതമുള്ള അഞ്ച് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.