തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ തുടരണമോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. നിലവിൽ ബുധനാഴ്ച വരെയാണ് ലോക്ഡൗണുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏതാനും ദിവസങ്ങളായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മരണനിരക്ക് ഉയരുകയാണ്. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാവും സർക്കാർ തീരുമാനത്തിലെത്തുക.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാവുക. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയായതിന് ശേഷം ലോക്ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ് വിദഗ്ധരുടെ നിർദേശം.
ഇന്നലെ 14.27 ശതമാനം ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി. മിനിഞ്ഞാന്ന് 14.89 ആയിരുന്നു. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുഘട്ടത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി 30ലേക്ക് ഉയർന്നിരുന്നു.
മേയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എട്ട് മുതൽ 16 വരെയായിരുന്ന ലോക്ഡൗൺ പിന്നീട് 23 വരെയും, പിന്നീട് ജൂൺ ഒമ്പത് വരെയും നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.