വടശ്ശേരിക്കര: നാടിനെ വിറപ്പിച്ച കടുവയെ പിടിക്കാൻ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന ‘ഇടഞ്ഞു’. അടിയേറ്റ് പാപ്പാൻ പറമ്പിക്കുളം എം. മുരുകൻ പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
ആനപ്പുറത്തു കയറാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട് കൊമ്പുകൊണ്ട് കോരിയെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരിക്ക് ഗുരുതരമല്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. തണ്ണിത്തോട്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ചുകൊലപ്പെടുത്തുകയും നാട്ടിൽ ഭീതി പരത്തുകയും ചെയ്തതോടെയാണ് വയനാട്ടിൽനിന്ന് കടുവയെ തിരയാനായി കുങ്കിയാനയെ കോന്നിയിലെത്തിച്ചത്. തുടർന്ന് കടുവ വടശ്ശേരിക്കര പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുകയും മണിയാറിൽ പശുക്കിടാവിനെ കൊലപ്പെടുത്തുകയും ചെയ്തതോടെ കുങ്കിയാനയെ വടശ്ശേരിക്കര ഫോറസ്റ്റ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
എന്നാൽ, എത്തിച്ചപ്പോൾ മുതൽ മദപ്പാടിെൻറ ലക്ഷണങ്ങൾ കാണിച്ചതായും കടുവയെ തിരയാൻ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാതെവന്നതായും പറയപ്പെടുന്നു. പാപ്പാനെ ആക്രമിച്ച ആനയെ സ്റ്റേഷൻ പരിസരത്തുനിർത്തി ശരീരം തണുപ്പിക്കാനുള്ള നടപടി ആരംഭിച്ചു.
കൃത്യമായ പരിചരണവും പരിശീലനവും ലഭിച്ചിരുന്ന ആനയെ തുടർച്ചയായി ഒരേ സ്ഥലത്ത് തളച്ചിരുന്നതാണ് പ്രകോപനമുണ്ടാകാൻ കാരണമെന്നാണ് വനംവകുപ്പിെൻറ പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.