സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു
തിരുവനന്തപുരം: കേരളം തദ്ദേശ തെരഞ്ഞെടുപ്പിനായി രണ്ട് ഘട്ടങ്ങളിലായി ബൂത്തിലേക്ക് നീങ്ങും. ഡിസംബർ ഒമ്പതിനും 11നുമാണ് വോട്ടെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാപെരുമാറ്റച്ചട്ടം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. മട്ടന്നൂർ നഗരസഭയിലും ഇത് ബാധകമാണ്.
വിജ്ഞാപനം: നവംബർ 14
പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 21
സൂക്ഷ്മ പരിശോധന: നവം22
പത്രിക പിൻവലിക്കൽ: നവം 24
വോട്ടെടുപ്പ്: ഡിസം. 9, 11
വോട്ടെണ്ണൽ: ഡിസം. 13
തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന 14 മുതല്‍ സ്ഥാനാർഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ച് തുടങ്ങാം. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി നവംബര്‍ 21. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ ഭരണസമിതികൾ ഡിസംബർ 21ന് നിലവിൽ വരും. നിലവിലെ ഭരണസമിതി കാലയളവ് ഡിസംബർ 20ന് അവസാനിക്കും. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മട്ടന്നൂരിലെ ഭരണകാലാവധി അവസാനിക്കുന്നത് 2027ലാണ്.
തദ്ദേശ സ്ഥാപനങ്ങളിൽ 21,900 വാർഡുകൾ ഉണ്ടായിരുന്നത് വിഭജനത്തിനുശേഷം 23,612 ആയി വർധിച്ചു. ഇതിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 36 വാർഡുകൾ ഒഴികെ 23,576 വാർഡുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് വേണ്ടി 33,746 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്ന ബാധിത ബൂത്തുകളിലേക്കടക്കം 70,000 പൊലീസുകാരെ വിന്യസിക്കും. 1249 റിട്ടേണിങ് ഓഫിസര്‍മാരടക്കം രണ്ടരലക്ഷത്തോളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും. പൂർണമായും ഹരിതചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ വേളയിൽ മദ്യനിരോധനം ഏർപ്പെടുത്തും. വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാകും. വോട്ടെടുപ്പ് ദിവസം എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും.
വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖക ഹാജരാക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് ആറ് മാസം മുമ്പ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ രേഖ, ആധാർ കാർഡ്.
ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ഥികളുടെ പേരാണ് ഉള്‍പ്പെടുത്തുക. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ബാലറ്റ് യൂനിറ്റുകള്‍ ഉപയോഗിക്കും. 50,693 കൺട്രോൾ യൂണിറ്റുകളും 1,37,922 ബാലറ്റ് യൂണിനിറ്റുകളുമാണ് തെരഞ്ഞെടുപ്പിനായി തയാറാക്കിയിട്ടുളളത്. ത്രിതല പഞ്ചായത്തുകളിൽ ഓരോ പോളിങ് സ്റ്റേഷനിലും ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കും. പരിശോധന പൂർത്തിയാക്കിയ മെഷീനുകളിൽ വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് കാൻഡിഡേറ്റ് സെറ്റിങ് നടത്തും.
ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കുന്നതിന് നവംബർ നാല്, അഞ്ച് തീയതികളിൽ വീണ്ടും അവസരം നൽകിയിരുന്നു. അതോടൊപ്പം ഒഴിവാക്കലിനും ഭേദഗതിക്കും സ്ഥാന മാറ്റത്തിനും അവസരമുണ്ടായിരുന്നു. സപ്ലിമെന്ററി ലിസ്റ്റുകൾ 14ന് പ്രസിദ്ധീകരിക്കും. അത് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. മറ്റുള്ളവർക്ക് പണമടച്ച് കൈപ്പറ്റാം.
വോട്ടെടുപ്പിനായി 33,746 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് വാർഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കായി 28,127 ഉം മുനിസിപ്പാലിറ്റികൾക്ക് 3604 ഉം കോർപറേഷനുകൾക്ക് 2015ഉം പോളിങ് സ്റ്റേഷനുകളാണുളളത്.
പഞ്ചായത്ത് തലത്തിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തിൽ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെ ആണ്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രാവിലെ ആറുമുതൽ ഒരു മണിക്കൂർ മോക് പോളിങ് ആയിരിക്കും.
സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത്. ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവർത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാർഥികളുടെയോ പ്രതിപക്ഷപാർട്ടി പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല.
കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങൾ നൽകുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാൻ പാടില്ല. പുതിയ പദ്ധതികളോ സ്കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല.
മാധ്യമപ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കിയാവണം പ്രസിദ്ധീകരിക്കേണ്ടത്. ഇതിനായി ജില്ലകളിൽ കലക്ടർ ചെയർമാനും ജില്ല ഇൻഫർമേഷൻ ഓഫീസർ കൺവീനറും ഐ ആന്‍റ് പി.ആർ വകുപ്പിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ, കലക്ടറേറ്റിലെ ലോ ഓഫീസർ, ഒരു മാധ്യമ/സാമൂഹ്യ പ്രവർത്തകൻ, ഒരു അർട്ടിഫിഷ്യൽ ഇന്റലിജൻസ്/ സോഷ്യൽമീഡിയ വിദഗ്ദ്ധൻ എന്നിവരടങ്ങുന്ന മീഡിയ റിലേഷൻ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ല പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപയുമാണ്. സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർത്ഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.