‘‘പത്രപ്രവർത്തക യൂണിയനുമായി ചർച്ച നടത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന വാദം വ്യാജം ’’

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ തിരിച്ചെടുക്കാനുള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ. പത്രപ്രവർത്തക യൂണിയനുമായി ചർച്ച നടത്തി ധാരണയിലെത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന വാദം ഉദ്യോഗസ്ഥ ലോബിയുടെ സൃഷ്​ടിയാണെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ്​ കെ.പി റെജി അറിയിച്ചു. ​

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ്​ കെ.പി റെജി ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പ്​:

കേരളത്തിലെ ഓരോ മാധ്യമപ്രവർത്തക​​െൻറയും തീരാത്ത വേദനയാണ് കെ എം ബഷീർ. മദ്യപിച്ചു ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് ആ മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ വിവരം പുറത്തുവന്നത് മുതൽ തുടങ്ങിയതാണ് മാധ്യമപ്രവർത്തക സമൂഹം ഒന്നടങ്കം നീതിക്കായുള്ള പോരാട്ടം. ബഷീറി​​െൻറ കൊലയാളിയെ രക്ഷിച്ചെടുക്കാനുള്ള ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾക്ക് എതിരെ എത്രയെത്ര നീക്കങ്ങൾ വേണ്ടിവന്നു..! പത്രപ്രവർത്തക സംഘടനയ്ക്ക് പല തവണ മുഖ്യമന്ത്രിയെ കാണേണ്ടിവന്നു, സമയബന്ധിതമായി കുറ്റപത്രം കോടതിയിലെത്താൻപോലും.

ഭരണവർഗം തുനിഞ്ഞിറങ്ങിയാൽ എന്തും നടക്കും എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കി ഇപ്പോഴിതാ വെങ്കിട്ടരാമൻ സർക്കാർ സർവീസിൽ തിരിച്ചെത്തിയിരിക്കുന്നു. അർധരാത്രി മദ്യപിച്ച് കൂത്താടി അമിതവേഗത്തിൽ ലക്കില്ലാതെ വാഹനം ഒാടിച്ച് ചെറുപ്പക്കാരനായ ഒരു പാവം മാധ്യമ പ്രവർത്തകനെ ഇടിച്ചുവീഴ്ത്തിയിട്ടും തെളിവുകൾ തേച്ചുമാച്ചു കളയാനും കുറ്റം കൂടെയുണ്ടായിരുന്ന യുവതിയുടെ മേൽ കെട്ടിവെക്കാനും ശ്രമിച്ചിട്ടും അതിനെയെല്ലാം വെള്ളപൂശാനായിരുന്നു പൊലീസ് അടക്കം ഭരണസംവിധാനം ആദ്യം മുതൽ ശ്രമിച്ചുവന്നത്.

ലോകമാകെ മരണവും ഭീതിയും വിതച്ചു മഹാമാരിയായി കോവിഡ് 19 പടർന്നുപിടിക്കുേമ്പാൾ അതിനെ മറയാക്കി സസ്പെൻഷനിൽ കഴിയുന്ന ഒരു ക്രിമിനൽ കേസ് പ്രതിയെ തിരികെ കൊണ്ടുവരാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ലോബി നടത്തിയ ശ്രമമാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥ​​െൻറ സസ്പെൻഷൻ കാലം ഒന്നിനു പുറകെ ഒന്നായി നീട്ടിക്കൊണ്ടിരിക്കുന്ന സർക്കാർ ആണ് ഒരു ക്രിമിനൽ കേസ് പ്രതിക്കായി ഇപ്പോൾ അമിതാവേശം കാണിച്ചിരിക്കുന്നത്. യുവ െഎ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ഇൗ ആവേശത്തിനു പിന്നിലെ കുബുദ്ധി കേരളത്തി​െൻറ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. മലയാളത്തി​െൻറ പൊതു മനസ്സിനു ദിശാബോധം നൽകുന്ന മാധ്യമസമൂഹത്തിന് അതു മനസ്സിലാക്കാൻ കഴിയില്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും അധികാരികൾ ഇനിയും വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്നു മാത്രമേ പറയാൻ കഴിയൂ.

പത്രപ്രവർത്തക യൂണിയനുമായി ചർച്ച നടത്തി ധാരണയിലെത്തിയാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നതെന്ന ധാരണ പരത്താൻ കഴിഞ്ഞു എന്നതാണ് ഉദ്യോഗസ്ഥ ലോബിയുടെ മറ്റൊരു വിജയം. സർക്കാർ തീരുമാനത്തി​​െൻറ സൂചന വന്നപ്പോൾ തന്നെ യൂണിയൻ പ്രതിഷേധം അറിയിച്ചതാണ്​. ഏതെങ്കിലും ചർച്ചയിൽ അത്തരമൊരു നിർദേശം ഉണ്ടായാൽ അതു കേട്ട് കയ്യടിച്ച്​ അംഗീകരിച്ചു പോരുന്ന വർഗവഞ്ചന പത്രപ്രവർത്തക സംഘടന കാട്ടുകയുമില്ല. തിരിച്ചെടുത്ത ഉത്തരവ് പുറത്തുവരുന്നതിനു മുേമ്പ തന്നെ ഇത്തരത്തിലൊരു പ്രചാരണം അഴിച്ചുവിട്ടതിനു പിന്നിലും ഗുഢലക്ഷ്യങ്ങളുണ്ടെന്നു തീർച്ച.

ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന, ജില്ലാ നേതാക്കളെ േഫാണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കാണാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചിരുന്നു. അന്ന് തന്നെ ഉച്ചയോടെ കാണണം എന്നായിരുന്നു നിർദേശം. പ്രസിഡൻറും ജനറൽ സെക്രട്ടറിയും തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഉച്ചയോടെ തലസ്ഥാനത്ത് എത്താൻ പറ്റുന്ന സാഹചര്യവും അല്ലായിരുന്നു. അസൗകര്യം അറിയിച്ചപ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ ആലോചനയുണ്ടെന്ന് അറിയിച്ചത്. കേസിൽ സർക്കാറിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നും സസ്പെൻഷൻ ഇനിയും നീട്ടിക്കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട് എന്നുമായിരുന്നു സർക്കാർ നിലപാട്. കോടതിയോ ട്രൈബ്യൂണലോ ഇടപെട്ട് സസ്പെൻഷൻ റദ്ദാക്കാനുള്ള സാഹചര്യവും സംശയിക്കുന്നതായി അവർ അറിയിച്ചു. ആ നിലപാടിനോടുള്ള വിയോജിപ്പ് അപ്പോൾത്തന്നെ അറിയിച്ചു.

മുഴുവൻ മാധ്യമപ്രവർത്തകർക്കും വൈകാരിക വ്യഥയുണ്ടാക്കുന്നതാണ് ബഷീറി​െൻറ മരണമെന്നും സസ്പെൻഷൻ പിൻവലിക്കുന്നതിനോടു ശക്തമായ വിയോജിപ്പും പ്രതിഷേധവും ഉണ്ടെന്നും യൂണിയൻ വ്യക്തമാക്കി. ഉച്ചക്ക് മുഖ്യമന്ത്രിയെ കണ്ട കെ.യു.ഡബ്ല്യു.യു ജെ തിരുവനന്തപുരം ജില്ലാ നേതാക്കളും ഇതേ വികാരം അദ്ദേഹത്തെ ധരിപ്പിച്ചു. യാഥാർഥ്യം ഇതായിരിക്കെ ആണ് പത്രപ്രവർത്തക സംഘടനയുമായി ചർച്ച നടത്തി വിശ്വാസത്തിലെടുത്താണു തീരുമാനമെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്.

പാതിരാത്രി ജോലി കഴിഞ്ഞ് വീടണയാൻ യാത്ര തിരിച്ച യുവ പത്രപ്രവർത്തകനെ മദ്യലഹരിയിൽ വണ്ടിയിടിപ്പിച്ചു ചോരയിൽ മുക്കിക്കൊന്ന സംഭവം കേരളത്തിലെ ഒാരോ മാധ്യമ പ്രവർത്തക​െൻറയും നെഞ്ചിൽ ഇന്നും നീറ്റലുണ്ടാക്കുന്ന വേദനയാണ്. ആ വേദനയിൽ ഒപ്പം നിൽക്കുകയും വലിയ ആശ്വാസം പകരുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനോട് ഒാരോ മാധ്യമ പ്രവർത്തകനും കടപ്പാടുമുണ്ട്. പക്ഷേ, അദ്ദേഹവും ഒടുവിൽ ഉദ്യോഗസ്ഥ ചരടുവലിയിൽ കുടുങ്ങിപ്പോയോ എന്നു ഞങ്ങൾ സംശയിക്കുന്നു.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഞങ്ങൾക്ക് അങ്ങയിലുള്ള വിശ്വാസം വീണുടഞ്ഞു പോവുകയാണ്. അതു കേരളത്തി​െൻറ പൊതു മനഃസാക്ഷിയുടെ വിശ്വാസമാണ്. ആ വിശ്വാസം വീണ്ടെടുക്കണമെങ്കിൽ സർക്കാർ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. കോടതിയിൽ വിചാരണ തുടങ്ങിയ േകസിൽ വിധി വരുന്നതു വരെയെങ്കിലും കുറ്റവാളിയായ ഉദ്യോഗസ്ഥൻ പുറത്തുതന്നെ നിൽക്ക​െട്ട. സംസ്ഥാനം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ആരോഗ്യവകുപ്പിലേക്കു തന്നെ ആ കളങ്കിതൻ എത്തുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നു.

നീതിപീഠത്തിനു മുന്നിൽ വിചാരണ നേരിടുന്ന ഒരു ക്രിമിനൽ കേസ് പ്രതിക്ക് എങ്ങനെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാവും? ആ പ്രതിയുടെ ചെയ്തികളിൽ നീതിയുണ്ടെന്ന് ജനങ്ങൾക്ക് എങ്ങനെ വിശ്വസിക്കാനാവും? അതിവേഗത്തിലും ന്യായയുക്തമായും വിചാരണ പൂർത്തിയാവുന്നതിന് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതടക്കം നടപടികളുമായി സർക്കാർ ഇൗ ഘട്ടത്തിൽ നീതിക്കൊപ്പം നിൽക്കുകയാണു വേണ്ടത്.
ചെയ്ത കുറ്റത്തിന് ശ്രീറാം നിയമപരമായി ശിക്ഷിക്കപ്പെടുന്നതുവരെ ഇക്കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ വിശ്രമിക്കാൻ ഉദ്ദേശിക്കുന്നില്ല. ആരൊക്കെ ചരട് വലിച്ചാലും ശ്രീറാം സർവീസിൽ തിരികെ വന്നാൽ ശക്തമായ പ്രതിഷേധം ഉയർത്തുക തന്നെ ചെയ്യും.

Tags:    
News Summary - kerala journalist union against goverment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.