തിരുവനന്തപുരം: അതിദരിദ്രരുടെ പേരിൽ കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുകയാണെന്ന് ആരോപിച്ചും സർക്കാറിനോട് ചോദ്യങ്ങളുന്നയിച്ചും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഇല്ലാത്തവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേര് കേരളത്തിലുണ്ടായിരിക്കെ ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടികയുണ്ടാക്കിയത്. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന ചെപ്പടി വിദ്യയാണ് സര്‍ക്കാര്‍ കാട്ടുന്നത്. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണെന്ന് അദ്ദേഹം ആരോപിച്ചു.
പരമ ദരിദ്രർ 4.5 ലക്ഷം; ഇതെങ്ങനെ 64,000 ആയി?
കേരളത്തില്‍ പരമ ദരിദ്രരായ 4.5 ലക്ഷം കുടുംബങ്ങളെന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രികയിൽ പറയുന്നത്. ആശ്രയ പദ്ധതിയിലെ 1.5 ലക്ഷം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി 4.5 ലക്ഷം പേരെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുമെന്നും അതിലുണ്ട്. പരമ ദരിദ്രരായ 4.5 ലക്ഷം കുടുംബങ്ങളുണ്ടെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് 64,000 ആയതെന്നാണ് ഒന്നാമത്തെ ചോദ്യം. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഈ പട്ടിക തയ്യാറാക്കിയതെന്നതാണ് മറ്റൊരു ചോദ്യം. ഒന്നര ലക്ഷം അഗതികളാണ് ആശ്രയ പദ്ധതിയില്‍ ഉണ്ടായിരുന്നത്. അവരില്‍ പലരും പുതിയ പട്ടികയിലില്ല. ആ പട്ടികയും വെട്ടി. പട്ടിക തയാറാക്കിയതില്‍ ആസൂത്രണ ബോര്‍ഡിനും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിനും പങ്കുണ്ടോ? അവരുമായി കൂടിയാലോചിച്ചോ? എന്തായിരുന്നു രീതിശാസ്ത്രം?
മഞ്ഞക്കാർഡുള്ളവർ 5.91 ലക്ഷം; ഇവരുടെ ദാരിദ്ര്യം മാറിയോ?
അതിദരിദ്രരുടെ പട്ടിക തയാറാക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ദരിദ്രരില്‍ ദരിദ്രരായ 5,91,194 പേരെ എ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡ പ്രകാരം ഇത്തരക്കാരായ 5,91,194 പേര്‍ക്ക് എ.എ.വൈ കാര്‍ഡ് (മഞ്ഞക്കാർഡ്) നല്‍കിയെന്ന് മന്ത്രി ജി.ആര് അനിൽ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇവരെല്ലാം അതിദാരിദ്രത്തില്‍നിന്ന് മാറിയോ?. അവർക്ക് സ്വന്തം വീടായോ? അവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമോ? അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചാല്‍ കേന്ദ്ര സഹായം നിലക്കില്ലേ?.
ആദിവാസികളുടെ പട്ടിക
2011ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ പട്ടികയില്‍ ഉള്ളത് 6400 പേര് മാത്രം. ബാക്കിയുള്ളവർ വിദ്യാഭ്യാസത്തിലും പാര്‍പ്പിടത്തിലും ഭക്ഷണത്തിലും ആരോഗ്യത്തിലും സുരക്ഷിതരായോ?
ലൈഫ് മിഷനിൽ അപേക്ഷ നല്കിയ 5,91,368 പേരില്‍ പലര്‍ക്കും വീട് നല്‍കിയിട്ടില്ല. 10 വര്‍ഷം കൊണ്ട് ലൈഫ് മിഷനില്‍ പണിതത് 4,62,307 വീടുകള്‍ മാത്രമാണ്.
തട്ടിപ്പിന് നടൻമാർ കൂട്ടുനിൽക്കരുത്
പി.ആര് സംവിധാനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. യാഥാർഥ്യം മനസ്സിലാക്കി അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപന ചടങ്ങില്‍നിന്ന് നടന്മാർ ഉള്‍പ്പെടെ വിട്ടു നില്‍ക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. അവരൊക്കെ ജനങ്ങള്‍ ബഹുമാനിക്കുന്നവരാണ്. സര്‍ക്കാറിന്റെ കാപട്യം തിരിച്ചറിയണം. പങ്കെടുത്താലും ഇല്ലെങ്കിലും അവരെ കുറിച്ച് യു.ഡി.എഫ് മോശം പറയില്ല. സര്‍ക്കാർ തട്ടിപ്പിന് നിന്നു കൊടുക്കരുത് എന്നാണ് അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.