തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ ഐ.എ.എസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിക്ക് സാധ്യത. പിണറായി സർക്കാറിന്‍റെ കണ്ണിലെ കരടായി മാറിയ ബി. അശോകിനെയും എന്‍. പ്രശാന്തിനെയും സുപ്രധാന പദവികളിലേക്ക് യു.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് വിവരം. എൽ.ഡി.എഫ് സർക്കാറിന്‍റെ തെറ്റായ നടപടികൾ ചോദ്യംചെയ്തതിന് സസ്പെൻഷനിലാണ് ഇരുവരും. എന്നാൽ, സർക്കാർ മാറിയ സാഹചര്യത്തിൽ ശിക്ഷാനടപടികള്‍ അടിയന്തരമായി പിന്‍വലിച്ചാകും പുതിയ ചുമതലകൾ ഏൽപ്പിക്കുകയെന്നാണ് അറിയുന്നത്. നിലവിലെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ മാറ്റാൻ സാധ്യത കുറവാണ്. ഇദ്ദേഹം സർവിസിൽനിന്ന് വിരമിക്കാൻ ഇനി ഒരുമാസമേയുള്ളൂ.
അടുത്തമാസം 30ന് ജയതിലക് വിരമിക്കുന്ന മുറക്ക് ചീഫ് സെക്രട്ടറി സാധ്യത മനോജ് ജോഷിക്കാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള, 1989 ബാച്ചുകാരനായ മനോജിനെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചാകും ചുമതല കൈമാറുക. അതിനുപുറമെ പല വകുപ്പ് സെക്രട്ടറിമാർക്കും സ്ഥാനചലനമുണ്ടാകാനാണ് സാധ്യത. കഴിഞ്ഞ സർക്കാറുകളുടെ കാലത്ത് ഏറെ പരാതി ഉയർന്നത് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ടായിരുന്നു. അതിനാൽ ബിശ്വനാഥ് സിന്‍ഹക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടമാകാനാണ് സാധ്യത. സിന്‍ഹയുടെ ബാച്ചിലുള്ള സഞ്ജീവ് കൗശിക് പ്രധാന സ്ഥാനത്തേക്ക് വരുമെന്നറിയുന്നു. ചില ജില്ല കലക്ടർമാർക്കും മാറ്റമുണ്ടാകും. പ്രധാന സ്ഥാനങ്ങളിലേക്ക് എത്താൻ മുതിർന്ന ഉദ്യോഗസ്ഥരിൽ പലരും നീക്കങ്ങൾ ശക്തമാക്കി. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലെല്ലാം സ്ഥാനമാറ്റം ചർച്ചയായിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് മതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥരില്ലാത്തത് സർക്കാറിന് പ്രശ്നം സൃഷ്ടിക്കും.
നിലവിൽ പല ഉദ്യോഗസ്ഥരും ഒന്നിലധികം വകുപ്പുകളുടെ ചുമതലയാണ് കൈകാര്യം ചെയ്യുന്നത്. ഇതിനുപുറമെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവുകൾ പ്രകാരമുള്ള നിയമനങ്ങളും നടത്തേണ്ടിവരും. സർക്കാറിനോട് വിയോജിപ്പുള്ള എത്ര ഐ.എ.എസ് ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുമെന്നതും കാത്തിരുന്ന് കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.