കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രങ്ങളും ആസൂത്രകരും എന്നും സുരക്ഷിതരെന്ന് ഹൈകോടതി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയാകുന്നത് താഴെക്കിടയിലുള്ളവരാണ്. പാര്‍ട്ടികള്‍ നേട്ടത്തിനുവേണ്ടി ഇവരെ രക്തസാക്ഷികളെന്ന് വിളിക്കുന്നു. പിന്നീട് ഇവരുടെ പേരില്‍ രക്തസാക്ഷിദിനം ആചരിച്ച് നേതാക്കള്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. കണ്ണൂര്‍ അരീക്കല്‍ അശോകന്‍ വധക്കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ച നാലുപ്രതികളെ വെറുതെവിട്ട് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നിരീക്ഷണം.
പ്രത്യയശാസ്ത്രത്തെക്കാള്‍ വില കുറഞ്ഞതാണ് മനുഷ്യജീവന്‍ എന്ന സന്ദേശമാണ് വടക്കന്‍ ജില്ലകളില്‍ തുടരുന്ന രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും നല്‍കുന്നത്. ബഹുകക്ഷി ജനാധിപത്യവ്യവസ്ഥയില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, ഇത് അവഗണിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം ഇല്ലാതാക്കുന്ന പ്രവണതയാണുള്ളത്. രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യലാണ് ഇവരുടെ പ്രവര്‍ത്തനരീതി. മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന പൈശാചികപ്രവര്‍ത്തനമാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന പേരില്‍ നടത്തുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
2000 ഡിസംബര്‍ അഞ്ചിനാണ് സി.പി.എം പ്രവര്‍ത്തകനായ അരീക്കല്‍ അശോകന്‍ കൊല്ലപ്പെട്ടത്. കേസില്‍ കാക്ക ഷാജി എന്ന മൊട്ടമ്മല്‍ ഷാജിയുള്‍പ്പെടെ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (അഡ്ഹോക് 2) ജീവപര്യന്തം ശിക്ഷ വിധിച്ചു. വിധി ചോദ്യം ചെയ്ത് ഹരജിക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അശോകന് മറ്റൊരു സി.പി.എം പ്രവര്‍ത്തകന്‍െറ സഹോദരിയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലക്ക് കാരണമെന്നും ഇതു മറയ്ക്കാനാണ് ബി.ജെ.പിക്കാരായ തങ്ങളെ പ്രതിചേര്‍ത്തതെന്നുമായിരുന്നു പ്രതികളുടെ വാദം.
കേസ് വിശദമായി കേള്‍ക്കുകയും കേസ് ഡയറിയടക്കം പരിശോധിക്കുകയും ചെയ്ത ഡിവിഷന്‍ ബെഞ്ച്, വിചാരണയില്‍ സെഷന്‍സ് കോടതി ജഡ്ജി വീഴ്ചവരുത്തിയതായി വിലയിരുത്തി. കേസ് ഡയറിയിലെ മൊഴികള്‍ പിന്നീട് വിചാരണക്കിടെ സാക്ഷികള്‍ മാറ്റിപ്പറഞ്ഞിട്ടും കോടതി കേസ് ഡയറിയിലെ മൊഴിയാണ് ശിക്ഷക്ക് അടിസ്ഥാനമായി പരിഗണിച്ചത്. സെഷന്‍സ് ജഡ്ജിയുടെ ഈ നടപടി നിയമവിരുദ്ധമാണ്. സത്യം കണ്ടത്തൊന്‍ വിചാരണയുടെ ഏതുഘട്ടത്തിലും സാക്ഷിയെ വിളിച്ചുവരുത്താന്‍ കോടതിക്ക് കഴിയുമായിരുന്നു.
എന്നാല്‍, അത്തരം നടപടിക്രമങ്ങള്‍ക്ക് മുതിര്‍ന്നില്ല. കീഴ്കോടതിയിലെ മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫിസറുടെ ഭാഗത്തുനിന്നുണ്ടായ നീതിപൂര്‍വമല്ലാത്ത നടപടി ഏറെ ആശങ്കജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് വ്യക്തമാക്കി പ്രതികളെ വെറുതെവിടുകയായിരുന്നു. അരീക്കല്‍ അശോകന്‍ വധവും രാഷ്ട്രീയ കൊലപാതകത്തിന്‍െറ കദനകഥയാണ് പറയുന്നത്. എന്നാല്‍, വിദഗ്ധാന്വേഷണത്തിന്‍െറ അഭാവവും വിചാരണയിലെ അപാകതയുംമൂലം രാഷ്ട്രീയ കൊലപാതകത്തിലെ ഒരു ഇരക്കുകൂടി നീതി കിട്ടാതാകുന്നതായും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.