സ്വത്തുതര്‍ക്കം തീര്‍ക്കാനുള്ളതല്ല മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണനിയമമെന്ന് ഹൈകോടതി

കൊച്ചി: മക്കള്‍ തമ്മിലെ സ്വത്തുതര്‍ക്കം കൈകാര്യംചെയ്യാനുള്ള ഉപകരണമല്ല മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമമെന്ന് ഹൈകോടതി. മുതിര്‍ന്നപൗരന്മാരുടെ സംരക്ഷണവും സുരക്ഷിതജീവിതവും ഉറപ്പാക്കലാണ് 2007ലെ മെയിന്‍റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്‍റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ആക്ടിന്‍െറ ലക്ഷ്യം.  

നിയമത്തിലൂടെ മാതാപിതാക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തന്നോടൊപ്പം താമസിച്ചിരുന്ന മാതാവ് തനിക്ക് ഇഷ്ടദാനമായി നല്‍കിയ 10 സെന്‍റ് സ്ഥലം തിരിച്ചെഴുതിക്കൊടുക്കണമെന്ന മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് കലക്ടറുടെ ഉത്തരവ് ചോദ്യംചെയ്ത് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി മാവില സതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഈ നിര്‍ദേശം. തന്നോടൊപ്പം താമസിച്ചിരുന്ന കാലത്താണ് ആദ്യം എഴുതിത്തന്ന 23 സെന്‍റിനുപുറമെ പത്ത് സെന്‍റുകൂടി മാതാവ് ദേവകിയമ്മ ഇഷ്ടദാനം നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു.

എന്നാല്‍, സഹോദരന്‍ ഗോവിന്ദന്‍ അമ്മയെ നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുപോയശേഷം താന്‍ സംരക്ഷിക്കുന്നില്ളെന്ന് മെയിന്‍റനന്‍സ് ട്രൈബ്യൂണലില്‍ പരാതി കൊടുപ്പിക്കുകയായിരുന്നത്രേ. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്‍െറ ഉത്തരവുണ്ടായത്. 500 രൂപ മാസന്തോറും ചെലവിലേക്കായി നല്‍കാനും ഉത്തരവിട്ടു. താന്‍ മാതാവിനെ സംരക്ഷിക്കില്ളെന്ന് പറഞ്ഞിട്ടില്ളെന്നും അവരെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയ സഹോദരനാണ് വ്യാജപരാതിക്ക് പിന്നിലെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം. സ്ഥലം തിരിച്ചെഴുതാനുള്ള കരാര്‍ തന്‍െറ ധാരണയോടെയല്ളെന്നും വാദമുയര്‍ത്തി.

അതേസമയം, അമ്മയെ സംരക്ഷിക്കാമെന്ന ധാരണയോടെയാണ് പത്തുസെന്‍റ് അധികം നല്‍കിയതെന്നും ഇതിനുശേഷം മാതാവിനെ ദ്രോഹിക്കുകയാണ് ഹരജിക്കാരി ചെയ്തതെന്നുമായിരുന്നു സഹോദരന്‍െറ വാദം. സംരക്ഷിക്കാമെന്ന് ധാരണയുണ്ടായിരുന്നെന്നും ഭൂമി കിട്ടിയശേഷം വാക്കുപാലിച്ചില്ളെന്നും മാതാവും വ്യക്തമാക്കി.

എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടിയുള്ള നിയമം ഇത്തരം തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ളതല്ളെന്ന് വ്യക്തമാക്കിയ കോടതി, മാതാവിനെ സംരക്ഷിക്കാന്‍ ഹരജിക്കാരി തയാറായ സാഹചര്യത്തില്‍ അവരോടൊപ്പം വിടാന്‍ ഉത്തരവിടുകയായിരുന്നു. മാതാവിന്‍െറ സംരക്ഷണബാധ്യത ഹരജിക്കാരി ഏറ്റെടുക്കണം. മാതാവ് വരാന്‍ കൂട്ടാക്കിയില്ളെങ്കില്‍ 500ന് പകരം 5000 രൂപവീതം ചെലവിന് നല്‍കണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് ഇഷ്ടദാനം ചെയ്ത സ്ഥലം തിരിച്ചെഴുതിനല്‍കാനുള്ള ട്രൈബ്യൂണല്‍ ഉത്തരവ് കോടതി തള്ളി.

Tags:    
News Summary - kerala high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.