കൊച്ചി: ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അർധരാത്രി പൊലീസ് വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന് ഹൈകോടതി. അർധരാത്രി വീടിന്‍റെ വാതിലിൽ മുട്ടി വിളിച്ച് പുറത്തേക്ക് വരാൻ പറയുന്നതിനെ നിയമപരമായ നിർദേശമായി കാണാനാകില്ല. അതിനുള്ള അധികാരം പൊലീസിനില്ല.
ഒരോരുത്തർക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കും. അസ്തിത്വപരവും വൈകാരികവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങൾ ഇഴചേർന്നതാണ് വീട്. അന്തസ്സോടെ ജീവിക്കാൻ ഒരോരുത്തർക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുൺ പറഞ്ഞു. പൊലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തേക്ക് വരാത്തതിന്റെ പേരിൽ കേസെടുത്തത് ചോദ്യംചെയ്ത കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. തോപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കുകയും ചെയ്തു.
ഏപ്രിൽ മൂന്നിന് പുലർച്ച 1.30ന് പൊലീസ് ഹരജിക്കാരന്റെ വീട്ടിലെത്തി വാതിലിൽ മുട്ടി പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പുറത്തേക്ക് ഇറങ്ങാതെ ഹരജിക്കാരൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്.
ഹരജിക്കാരനെതിരെ പൊലീസ് മുമ്പെടുത്ത പോക്സോ കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെത്തുടർന്ന് പൊലീസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ തന്നെ വിവിധ തരത്തിൽ ദ്രോഹിക്കുകയാണെന്നാരോപിച്ചായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.