കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തനം എന്ത് ലക്ഷ്യത്തിനായിരുന്നുവെന്ന് കണ്ടെത്തണമെന്ന് ഹൈകോടതി. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ നടത്തുന്നത് ലാഭകരമല്ലാതിരുന്നിട്ടും ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നതിന് കാരണം അന്വേഷിച്ചു കണ്ടെത്തണം. തീവ്രവാദം, ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയവയുമായി ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ. ഹരിപാൽ ഇക്കാര്യം പറഞ്ഞത്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി നാലാം പ്രതി ബേപ്പൂർ സ്വദേശി അബ്ദുൽ ഗഫൂർ നൽകിയ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇയാൾക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ബംഗളൂരുവിൽനിന്ന് പിടികൂടിയ കൂട്ടുപ്രതി കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിന് പാകിസ്താൻ, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലുള്ളവരുമായി ബന്ധമുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാൾക്ക് 168 പാക് പൗരന്മാരുമായി ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വൻതുകയ്ക്ക് ഇയാൾ കോൾ റൂട്ടുകൾ പാക്, ചൈന, ബംഗ്ലാദേശ് സ്വദേശികൾക്ക് വിറ്റെന്നും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്ട് സ്വിച്ചിന്റെ ക്ലൗഡ് സെർവർ ചൈനയിലാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്നാണ് ഇയാൾ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനം നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ടെന്ന് വിലയിരുത്തി ഹരജി തള്ളിയത്.
രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഐ.ടി നിയമത്തിലെ വകുപ്പുകൾ ചുമത്താൻ പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടെന്നും അഭിപ്രായപ്പെട്ടു. വൻതോതിൽ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മിലിട്ടറി ഇൻറലിജൻസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.