കൊച്ചി: സ്നേഹബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ഉയർത്തുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈകോടതിയുടെ വാക്കാൽ നിരീക്ഷണം. സാമൂഹിക സാഹചര്യങ്ങൾ ഏറെ മാറിയ ഈ കാലഘട്ടത്തിൽ വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നു. പുതിയ തലമുറയുടെ കാഴ്ചപ്പാടുതന്നെ വ്യത്യസ്തമാണ്. പെൺകുട്ടികൾ 28ഉം 29ഉം വയസ്സായാലും വിവാഹിതരാകാൻ കൂട്ടാക്കാതെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്. എന്നാൽ, അവരുടെ ബന്ധത്തിൽ ഭിന്നതയുണ്ടാകുമ്പോൾ ഒരാൾ ഉയർത്തുന്ന ആരോപണങ്ങൾ മറ്റേയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.
അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കേന്ദ്ര സർക്കാർ അഭിഭാഷകൻ പുത്തൻകുരിശ് സ്വദേശി നവനീത് എൻ. നാഥിന്റെ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നവനീതിനെ ജൂൺ 21നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നൽകിയത്.
ബന്ധം തുടരാൻ ഒരാൾ ആഗ്രഹിക്കുകയും മറ്റേയാൾ അത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ആരോപണത്തിലേക്ക് മാറുന്നതെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി.
ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ അത് വാഗ്ദാനലംഘനം മാത്രമായാണ് കാണേണ്ടത്. ബലാത്സംഗമായല്ലെന്നും നിരീക്ഷിച്ചു. വാദം പൂർത്തിയാക്കിയ കോടതി വെള്ളിയാഴ്ച വിധി പറഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.