കൊച്ചി: ഭർത്താവ് നിക്ഷേപങ്ങളിലേക്കും വായ്പ തിരിച്ചടവിലേക്കും നീക്കിവെക്കുന്ന തുക കൂടി കണക്കിലെടുത്ത് വേണം ഭാര്യക്കും മക്കൾക്കും നൽകേണ്ട ജീവനാംശ തുക നിർണയിക്കേണ്ടതെന്ന് ഹൈകോടതി. ജീവനാംശം നൽകേണ്ടിവരുന്ന കേസുകളിൽ വായ്പ തിരിച്ചടവിന്റെ പേരിലും മറ്റും വരുമാനം കുറച്ചുകാണിക്കുന്ന ഭർത്താക്കന്മാരുടെ തന്ത്രം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ നിരീക്ഷണം.
ജീവനാംശം നൽകാൻ ഉത്തരവിട്ട തുക കുറക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ എൻജിനീയറിങ് കോളജ് ഇൻസ്ട്രക്ടർ സമർപ്പിച്ച ഹരജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വേർപിരിഞ്ഞു കഴിയുന്ന ഭാര്യക്ക് 6000വും മകൾക്ക് 3500ഉം രൂപ വീതം പ്രതിമാസം നൽകാനുള്ള കുടുംബ കോടതി ഉത്തരവ് ചോദ്യംചെയ്താണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ലൈഫ് ഇൻഷുറൻസ്, വാഹന വായ്പ തുടങ്ങിയവയുള്ളതിനാൽ ശമ്പളത്തിൽനിന്ന് ഇവ പിടിച്ചശേഷം ലഭിക്കുന്നത് തുച്ഛമായ തുകയാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. എന്നാൽ, ഹരജിക്കാരൻ ബോധപൂർവം ചില ബാധ്യതകൾ ഉണ്ടാക്കിയതാണെന്ന് കോടതി വിലയിരുത്തി.
ജീവനാംശം നൽകേണ്ട തുക കുറച്ചുകിട്ടാൻ ആ ഘട്ടത്തിൽ വായ്പയും ഇൻഷുറൻസും എടുക്കുന്ന രീതിയാണ് ചിലർക്കുള്ളത്. ചിലരാകട്ടെ പ്രൊവിഡന്‍റ് ഫണ്ടിലേക്ക് ശമ്പളവിഹിതം കൂട്ടിയിടും. എന്നാൽ, കേസ് പരിഗണിക്കുമ്പോൾ ഇതെല്ലാം നിക്ഷേപമായി കണക്കാക്കി മൊത്തവരുമാനത്തിൽ ഉൾപ്പെടുത്തി വേണം ജീവനാംശം കണക്കാക്കേണ്ടതെന്ന് കോടതി പറഞ്ഞു. തുടർന്ന് ഹരജിക്കാരനെതിരായ കുടുംബ കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.