തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റി സംസ്ഥാന സർക്കാർ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റില്ലെന്ന നിലപാടിൽ നിന്നാണ് സർക്കാർ പിന്നാക്കം പോയത്. ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റാൻ സർക്കാർ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.
പേര് മാറ്റം കേരളത്തിന്റെ സംസ്കാരത്തിന് ചേരില്ലെന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. അതിനാൽ എന്തു സംഭവിച്ചാലും പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനം. എന്നാൽ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നപ്പോഴാണ് പേര് മാറ്റാൻ സർക്കാർ നിർബന്ധിതമായത്. 2023 ഡിസംബറിനുള്ളിൽ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ തെരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടുപോയി.
സബ് സെന്ററുകൾ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെൽത്ത് സെന്റർ, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അർബൻ ഫാമിലി ഹെൽത്ത് സെന്റർ (യു.പി.എച്ച്.സി), അർബൻ പബ്ലിക് ഹെൽത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിർ എന്നു മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡിൽ പേര് എഴുതണം.
സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.