ചികിത്സച്ചെലവ് കുറക്കാന്‍ നടപടി –മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീമമായ ചികിത്സച്ചെലവ് കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ന്യായമായ രീതിയില്‍ മരുന്ന് ലഭ്യമാക്കും. കിടത്തിച്ചികിത്സയിലുള്ളവര്‍ക്ക് മരുന്ന് ആശുപത്രിയില്‍തന്നെ നല്‍കും. തുടര്‍ ചികിത്സക്ക് മരുന്നിനുള്ള വലിയ ചെലവ് കുറക്കാനും നടപടിയെടുക്കും. വിപണിയില്‍ ലഭിക്കുന്ന മരുന്നുകളെക്കാള്‍ വിലകുറച്ച് ജനറിക് മരുന്നുകള്‍ ഇതിന് വ്യാപകമാക്കും. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിടുന്ന ‘ആര്‍ദ്രം’ ദൗത്യത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചികിത്സക്ക് തോന്നിയപോലെ പണം ഈടാക്കുന്നത് അവസാനിപ്പിക്കാനുള്ള ക്രമീകരണത്തെക്കുറിച്ചും ആലോചിക്കും. സ്വകാര്യ ആശുപത്രികളില്‍ സ്വാഭാവികമായും ചെലവ് കൂടും. ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ ആരോഗ്യമേഖലയിലെ നേട്ടങ്ങളില്‍ നാം പിന്നിലാകും. ‘ആര്‍ദ്രം’ പദ്ധതിയിലൂടെ ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകും.  കുടുംബഡോക്ടര്‍ എന്ന സങ്കല്‍പത്തിന്‍െറ ആദ്യപടിയായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ പരിശോധിച്ചാല്‍ പ്രത്യേക രോഗം ബാധിക്കുന്നുണ്ടോയെന്ന് കുഞ്ഞുപ്രായത്തിലേ മനസ്സിലാക്കാനാവും. പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ പശ്ചാത്തല സൗകര്യവികസനം വരുമ്പോള്‍ ഉപകരണങ്ങളായോ കെട്ടിടമായോ നാട്ടുകാര്‍ക്ക് സഹകരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. രോഗികള്‍ക്ക് മികച്ച സേവനം, താലൂക്ക് ജില്ലതല ആശുപത്രികളില്‍ സ്പെഷാലിറ്റി-സൂപ്പര്‍സ്പെഷാലിറ്റി സേവനങ്ങള്‍, പ്രാഥമിക കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കല്‍, രോഗികള്‍ക്ക് പ്രോട്ടോകോള്‍പ്രകാരം ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ലഭ്യമാക്കല്‍ തുടങ്ങിയവയാണ് ‘ആര്‍ദ്രം’ ദൗത്യം ലക്ഷ്യമിടുന്നത്.

Tags:    
News Summary - kerala govt ardram health project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.