തൃശൂർ: വാളയാർ അട്ടപ്പളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളും സർക്കാർ പ്രതിനിധികളുമായും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ധനസഹായ വിഷയത്തിൽ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. ഈ സാഹചര്യത്തിൽ റവന്യു മന്ത്രി കെ. രാജൻ രാംനാരായണന്‍റെ കുടുംബവുമായി ഇന്ന് ചർച്ച നടത്തും. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്.
ഞായറാഴ്ച പാലക്കാട് ആർ.ഡി.ഒ, തൃശ്ശൂർ സബ് കലക്ടർ എന്നിവരാണ് കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയത്. തുടർന്ന് രാത്രി ഏഴേമുക്കാലോടെ പാലക്കാട് ആർ.ഡി.ഒ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളജിലെത്തി കുടുംബാംഗങ്ങളുമായും ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മിറ്റി അംഗങ്ങളുമായും ചർച്ചകൾ നടത്തി. എന്നാൽ കുടുംബാംഗങ്ങൾ അനുകൂലമായി പ്രതികരിക്കാത്തതോടെ ഇന്ന് റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.
അടിയന്തരമായി പത്തു ലക്ഷത്തിൽ കുറയാത്ത തുക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ധനസഹായം അനുവദിക്കാൻ കഴിയില്ലെന്നും, ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിലേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അത് ശിപാർശ ചെയ്യാമെന്നും പാലക്കാട് ജില്ല കലക്ടർ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചു.
തങ്ങളുടെ ഏക അത്താണിയെ നഷ്ടപ്പെട്ട ആ നിർധന കുടുംബം അടിയന്തര സഹായം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നാട്ടുകാരും സമരസമിതിയും അവർക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
വാഗ്ദാനങ്ങൾക്കപ്പുറം, ജീവിതം വഴിമുട്ടിയ ഈ കുടുംബത്തിന് അടിയന്തരമായി സാമ്പത്തിക സഹായം ലഭിക്കണമെന്നും കലക്ടറുടെ ഔദ്യോഗികമായ രേഖാമൂലമുള്ള ഉറപ്പിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും സമരസമിതി പ്രതിനിധികൾ വ്യക്തമാക്കി. ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടു പോകാനുള്ള സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും ആശയകുഴപ്പം നിലനിൽക്കുകയാണ്.
അതേസമയം, കേസിൽ ആൾക്കൂട്ടക്കൊലപാതകം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം എന്നിവ ഉൾപ്പെടുത്താനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
അതേസമയം, അട്ടപ്പള്ളത്തെ ആൾക്കൂട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ല. അത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല. കേരളത്തിന് അപമാനമുണ്ടാക്കിയ ആള്‍ക്കൂട്ട വിചാരണക്ക് ഇരയായി ജീവന്‍ നഷ്ടമായ രാമനാരായണ്‍ ഭാഗേലിന് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
രാംനാരായണൻ ബഗേലിന്റെ മൃതദേഹം സൂക്ഷിച്ച തൃശൂർ മെഡിക്കൽ കോളജിൽ ബന്ധുക്കൾ ഞായറാഴ്ച ഉച്ചയോടെ എത്തിയിട്ടുണ്ട്. ഭാര്യ ലളിത, മക്കളായ അനൂജ്, ആകാശ്, ഭാര്യാ മാതാവ് ലക്ഷ്മിൻ ഭായ്, മൂന്നു ബന്ധുക്കൾ എന്നിവരാണ് എത്തിയത്. നീതി ലഭിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ഇവർ.
ഛത്തീസ്ഗഡിലെ കർഹി വില്ലേജ് നിവാസിയാണ് രാംനാരായണൻ. പത്തും എട്ടും വയസ്സുള്ള ആൺമക്കളും രോഗിയായ അമ്മയും ഭാര്യയും അടങ്ങുന്ന നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു ഇദ്ദേഹം. മരണവാർത്ത അറിഞ്ഞ് ശനിയാഴ്ച ഗ്രാമത്തിൽ നിന്ന് തിരിച്ച കുടുംബം മൂന്ന് ട്രെയിനുകൾ കയറി കിലോമീറ്ററുകൾ താണ്ടിയാണ് കേരളത്തിലെത്തിയത്. വാർധക്യസഹജ അസുഖങ്ങൾ അലട്ടുന്നതിനാൽ രാംനാരായണിന്റെ അമ്മക്ക് ഒപ്പം വരാനായില്ല.
അതിക്രൂരമായ നരനായാട്ടാണ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് വാളയാറിൽ അരങ്ങേറിയത്. അഞ്ച് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. 'ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി' പ്രവർത്തകരും 'മാനവീയം' സംഘടനയുടെ പ്രതിനിധികളും മറ്റും ചേർന്നാണ് ബന്ധുക്കളെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.