പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പെരിന്തൽമണ്ണ മുസ്‍ലിം ലീഗ് ഓഫിസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സി.പി.എം പ്രവർത്തകർ കസ്റ്റഡിയിൽ. അഞ്ച് സി.പി.എം പ്രവർത്തകരെയാണ് പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ലീഗ് ഓഫിസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കടകമ്പോളങ്ങൾ അടച്ചിട്ട് സഹകരിക്കാൻ അഭ്യർഥിച്ച യു.ഡി.എഫ് നേതൃത്വം വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്ന് അറിയിച്ചു.
എന്നാൽ, സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് മുസ് ലിം ലീഗ് നേതാവും സ്ഥലം എം.എൽ.എയുമായ നജീബ് കാന്തപുരം, മുൻ മന്ത്രി നാലകത്ത് സൂപ്പി എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് ഒമ്പതരയോടെയാണ് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് ലീഗ് ഓഫിസിന് നേരെ കല്ലേറുണ്ടായത്. ലീഗ് ഓഫിസിന്‍റെ ചില്ലുകളും ബോർഡും കല്ലേറിൽ തകർന്നു.
നേരത്തെ, പെരിന്തൽമണ്ണയിലെ സി.പി.എം ഓഫിസിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ ലീഗ് ആണെന്നാണ് സി.പി.എം ആരോപണം. ഇതിന് പിന്നാലെ സി.പി.എം പ്രവർത്തകർ പ്രതിഷേധം നടത്തുകയും ലീഗ് ഓഫിസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.