അയ്യപ്പന്റെയും ശ്രീരാമന്റെയും നാമത്തിലുള്ള സത്യപ്രതിജ്ഞകൾ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി അഭിഭാഷകന്റെ പരാതി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ചിലരുടെ സത്യപ്രതിജ്ഞകൾ നിയമവിരുദ്ധമെന്ന് പരാതി. അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ എന്നീ പേരുകളിൽ സത്യപ്രതിജ്ഞ ചെയ്തവർക്കെതിരെയാണ് പരാതി. ഈ നാമങ്ങളിലെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറിക്കാണ് സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ പരാതി നൽകിയത്. ​ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. സംസ്കൃത ഭാഷയിലെ സത്യപ്രതിജ്ഞയും ചട്ടവിരുദ്ധമാണെന്ന് പരാതിയിലുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ദൈവനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ എന്നീ വാക്കുകളാണ് സത്യപ്രതിജ്ഞക്കായി ഉപയോഗിക്കേണ്ടത്. അയ്യപ്പനും ശ്രീരാമനുമെല്ലാം ഹിന്ദുദൈവങ്ങളുടെ പേരാണെങ്കിലും ദൈവനാമത്തിൽ എന്നല്ലാതെ ഓരോ ദൈവങ്ങളുടെയും പേര് പറയാൻ ചട്ടപ്രകാരം അനുവദനീയമല്ല. ആ സാഹചര്യത്തിൽ ഇവരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്നാണ് പരാതിയിലുള്ളത്. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.

നിയമവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തവരെ വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളിൽ ചട്ടം അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടമാകാനും സാധ്യതയുണ്ട്.

Tags:    
News Summary - Complaint of Supreme Court lawyer that taking oaths in the name of Ayyappan and Sri Ram is illegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.