കേരളത്തിലെ ഗവർണർ ആർ.എസ്.എസിന് വേണ്ടി ബിഗ് ബോസ് ചമയുന്നു - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സസ്പെൻഡ് ചെയ്യാനുള്ള കേരള ഗവർണറുടെ നീക്കം അമിതാധികാര പ്രയോഗവും ഗവർണർ പദവിയുടെ ദുരുപയോഗവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി.

ഫെഡറൽ അധികാരങ്ങളെ അട്ടിമറിക്കുന്നതിൽ ആരിഫ് മുഹമ്മദ്‌ ഖാനെ വെല്ലുന്ന മികച്ച പിൻഗാമിയാണ് താനെന്ന് ആർ.എസ്.എസ്സിന് മുന്നിൽ തെളിയിക്കാനുള്ള തത്രപ്പാടിലാണ് ആർലേക്കർ. ഗവർണർ പദവിയുമായി ബന്ധപ്പെട്ടും ഫെഡറലിസവുമായി ബന്ധപ്പെട്ടും ഭരണഘടന മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളെ അട്ടിമറിക്കുകയാണ് മുമ്പ് ആരിഫ് മുഹമ്മദ്‌ ഖാനും ഇപ്പോൾ ആർലേക്കറും ചെയ്യുന്നത്. 'ഭാരതാംബ' എന്ന ഫാഷിസ്റ്റ് ചിഹ്നത്തെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും രാജ്ഭവനിലും അടിച്ചേൽപ്പിക്കുവാനാണ് ഇപ്പോൾ ആർലേക്കർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ എതിർത്തതിനാണ് കേരള സർവകലാശാല അധികൃതർക്കെതിരിൽ ഇപ്പോൾ അച്ചടക്കത്തിന്റെ കുറുവടിയുമായി ഗവർണർ ഇറങ്ങിയിരിക്കുന്നത്.

ബി.ജെ.പിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഇടപെടാനും സംസ്ഥാന സർക്കാറുകളുടെ ഭരണനയങ്ങളെ അട്ടിമറിക്കാനുമുള്ള കുറുക്ക് വഴിയായി ഗവർണർ പദവിയെ ആർ.എസ്.എസ് ദുരുപയോഗപ്പെടുത്തുന്നു.

കേരളത്തിലെ ഗവർണർ ആർ.എസ്.എസ്സിന് വേണ്ടി ബിഗ് ബോസ് ചമയുകയാണ്. കേരളം ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുത്തു തോല്പ്പിക്കണം. ഭരണപക്ഷവും പ്രതിപക്ഷവും ഇതര രാഷ്ട്രീയ സംഘടനകളും കേരളീയ പൊതുസമൂഹവും ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കണം. ആർ.എസ്.എസ്സിന് ഓട് പൊളിച്ചു വന്ന് നിരങ്ങാനുള്ളതല്ല രാജ്ഭവൻ എന്ന് കേരളം ഒരേ സ്വരത്തിൽ വിളിച്ചു പറയണം. ഗവർണറുടെ അമിതാധികാര പ്രയോഗത്തിനെതിരിൽ ശക്തമായ ജനകീയ മുന്നേറ്റം കേരളത്തിൽ അനിവാര്യമായി വന്നിരിക്കുകയാണെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags:    
News Summary - Kerala Governor poses as Bigg Boss for RSS - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.