മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും; സർക്കാർ ഹൈകോടതിയിലേക്ക്

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിൽനിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകി. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. കുടിയൊഴിപ്പിക്കൽ നടപടികളിൽനിന്ന് താൽക്കാലിക ആശ്വാസം നൽകുന്നതിനായി തിങ്കളാഴ്ച സർക്കാർ നേരിട്ട് ഹൈകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

തർക്കഭൂമിയിലെ കുടിയിറക്കൽ നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. ഇതിന്റെ ഭാഗമായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും ആമീനും ഇന്ന് സ്ഥലത്തെത്തും. എന്നാൽ, നടപടികളുടെ ഭാഗമായി പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ബലപ്രയോഗവും ഉണ്ടാകില്ലെന്ന് മന്ത്രി താമസക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സർക്കാരിന്റെയും മന്ത്രിയുടെയും ഉറപ്പുകളിൽ വിശ്വാസമില്ലെന്ന് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി.വി. ശ്രീനിജൻ പ്രതികരിച്ചു. സ്ഥലത്ത് എത്തുന്ന അഭിഭാഷക കമ്മീഷനെ പ്രതിരോധിക്കുമെന്നാണ് സമരസമിതിയുടെ നിലപാട്. കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെയും സിപിഎമ്മിന്റെയും  നേതൃത്വത്തിലുള്ള ശക്തമായ പ്രതിഷേധം ഇന്നും പ്രദേശത്ത് തുടരും. തർക്കഭൂമിയെച്ചൊല്ലി വരുംദിവസങ്ങളിലും മലയിടംതുരുത്തിൽ വൻ രാഷ്ട്രീയ-ജനകീയ പ്രതിരോധങ്ങൾക്കാണ് സാധ്യതയേറുന്നത്.

Tags:    
News Summary - Kerala Government Assures No Eviction of Residents From Malayidamthuruthu Disputed Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.