കോഴിക്കോട്: പ്രളയക്കെടുതിക്ക് ഇരയായ പെയിൻറിങ് തൊഴിലാളി പുതിയങ്ങാടി കുഞ്ഞിരായിങ്കണ്ടി അയ്യൂബ് (40) തന്നെ കാണാനെത്തിയപ്പോൾ ജില്ല കലക്ടർ യു.വി. ജോസ് കരുതിയത് സർക്കാറിെൻറ ധനസഹായം പോരെന്ന പരാതി നൽകാനാണെന്നാണ്. എന്നാൽ, വീട് മുങ്ങിയതിന് സർക്കാർ അനുവദിച്ച 10,000 രൂപയിൽ ചെലവായ 1585 രൂപ കിഴിച്ച് ബാക്കി 8415 രൂപ തിരിച്ചുവാങ്ങണമെന്ന അപേക്ഷയുമായാണ് അയ്യൂബ് എത്തിയതെന്ന് അറിഞ്ഞ കലക്ടർ അമ്പരന്നു. ഒടുവിൽ ആ തൊഴിലാളിയുടെ സത്യസന്ധതയെ ജില്ല ഭരണാധികാരി പ്രശംസിച്ചു.
സാധാരണ സംഭവിക്കുന്നതു പോലെ പണം പോരെന്ന് പറഞ്ഞല്ല, തിരിച്ചടക്കാനാണ് അയ്യൂബ് വന്നതെന്ന് മനസ്സിലായതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടക്കാനുള്ള ചിട്ടവട്ടങ്ങളൊക്കെ കലക്ടർ പറഞ്ഞു മനസ്സിലാക്കി. തുടർന്ന് രസീതിയുമായെത്തിയ അദ്ദേഹത്തിൽനിന്ന് അത് സ്വീകരിച്ച് അനുമോദനം അറിയിക്കുകയായിരുന്നു.
പെയിൻറിങ് ജോലിയും പള്ളി വൃത്തിയാക്കലുമൊക്കെയായി കഴിയുന്ന അയ്യൂബ് താമസിക്കുന്ന പാവങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശത്തെ ഒറ്റമുറി വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് സർക്കാർ സഹായധനം ലഭിച്ചത്. പ്രളയകാലത്ത് മൂന്നുദിവസം കണ്ടംകുളം പള്ളിയിലാണ് അയ്യൂബ് അന്തിയുറങ്ങിയത്. ഭാര്യ ഷമീനയും 10 മാസം പ്രായമായ മകൾ ആയിഷ ഹാദിയയും ബന്ധുവീട്ടിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.