തിരുവനന്തപുരം: കാത്തിരിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും നാളുകൾക്ക് വിരാമം. കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ ആറരയോടെ കനത്ത സുരക്ഷയിൽ തുറന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസം നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന് വിരാമമിട്ട് രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
പോസ്റ്റൽ ബാലറ്റുകൾ ആദ്യം; ഉച്ചയോടെ ചിത്രം തെളിയും
രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം പരിഗണിക്കുക പോസ്റ്റൽ ബാലറ്റുകളാണ്. ഇതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ആദ്യ മണിക്കൂറിൽ തന്നെ സംസ്ഥാനത്തെ ട്രെൻഡുകൾ വ്യക്തമാകും. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും പൂർണ്ണരൂപം പുറത്തുവരുമെന്നാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന സൂചന.
മുന്നണികൾക്ക് നെഞ്ചിടിപ്പ്; പ്രവചനാതീതം 30 മണ്ഡലങ്ങൾ
പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്നും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താമെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ, എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി കേരള ചരിത്രത്തിലാദ്യമായി മൂന്നാം തവണയും പിണറായി സർക്കാർ അധികാരമുറപ്പിക്കുമെന്ന ആവേശത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. അതേസമയം, ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടി നിർണായക ശക്തിയാകാൻ ബിജെപിയും കച്ചമുറുക്കുന്നു. ജയപരാജയങ്ങൾ എങ്ങോട്ടും മറിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങൾ വിധി കാക്കുന്നു
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെണ്ണൽ ഇന്നാണ് നടക്കുന്നത്. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബംഗാളിലെയും തമിഴ്നാട്ടിലെയും ഫലങ്ങൾക്കൊപ്പം കേരളത്തിലെ ജനവിധിയും രാജ്യം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.