കൃഷിനാശം ഭയാനകം

തിരുവനന്തപുരം: കടുത്ത വേനലില്‍ സംസ്ഥാനത്ത് കൃഷിനാശം ഭയാനകം. 279 കോടിയുടെ കൃഷിനാശം ഉണ്ടായതായി കൃഷി ഡയറക്ടറേറ്റിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട്. ഇതനുസരിച്ച് ഈമാസം 10 വരെ 70,000 ഏക്കര്‍ കൃഷിനശിച്ചു. ഇപ്രകാരം 29,306 കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരന്തത്തിനിരയായിരിക്കുന്നത്. നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക്, പച്ചക്കറി അടക്കമുള്ളവയെയാണ് ഗണ്യമായി ബാധിച്ചത്.

പ്രധാനകൃഷിയായ നെല്ല്  59,857ഏക്കറാണ് നശിച്ചത്. ഇതനുസരിച്ച് 95.70 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. പ്രധാന നെല്ലറകളിലൊന്നായ പാലക്കാട് 35,587 ഏക്കറും ആലപ്പുഴയില്‍ 11,567 ഏക്കര്‍ നെല്ലാണ് നശിച്ചത്. നെല്ലുകഴിഞ്ഞാല്‍ വരള്‍ച്ച കൂടുതല്‍ ബാധിച്ചത് തെങ്ങിനെയാണ്. ആകെ 4076 ഏക്കറിലെ  2.64 ലക്ഷം കുലച്ചതെങ്ങുകളും 21,269 കുലക്കാത്ത തെങ്ങുകളും 51തൈകളുമാണ് കുടത്ത ചൂടില്‍ നിലംപതിച്ചത്. ഇതുവഴി 54.93 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

കവുങ്ങിന്‍െറ പൂക്കുല കരിഞ്ഞുണങ്ങിയതിനാല്‍ ഈ വര്‍ഷം അടക്ക ഉല്‍പാദനത്തില്‍ വന്‍കുറവുണ്ടാവും. 7.92 ലക്ഷം കുലച്ച കവുങ്ങുകളും 47,880 കുലക്കാത്ത കവുങ്ങുകളും കരിഞ്ഞുണങ്ങി. കുലച്ച 30.81ലക്ഷം വാഴയും 1.42ലക്ഷം കുലക്കാത്ത വാഴയും നാശത്തിനിരയായി. 884 ഏക്കറിലായി 3.71 ലക്ഷം കുരുമുളക് ചെടിയും ടാപ്പിങ് ചെയ്യുന്ന 11,451 റബര്‍മരങ്ങളും ടാപ് ചെയ്യാത്ത 806 മരങ്ങളും നശിച്ചതായാണ് ഒൗദ്യോഗിക കണക്ക്.1134 ഏക്കറോളം പച്ചക്കറി കൃഷിയും വരള്‍ച്ചക്കെടുതിയില്‍ നശിച്ചിട്ടുണ്ട്. 68ഓളം കശുമാവും കരിഞ്ഞു.

മറ്റുള്ളവ (ഏക്കറില്‍) കാപ്പി-40, വെറ്റില-10, കിഴങ്ങുവര്‍ഗങ്ങള്‍-44, മരച്ചീനി-110, ഇഞ്ചി -45, ജാതി-14, ഏലം-40, കരിമ്പ്- 25, പയര്‍വര്‍ഗങ്ങള്‍- 22.5, മഞ്ഞള്‍-രണ്ട് എന്നിങ്ങനെയാണ് കണക്ക്. കൊക്കോയും നാശനഷ്ടത്തിന്‍െറ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവിലെ കണക്ക് പ്രകാരം 69.21 കോടിയുടെ വാഴകളാണ് നശിച്ചൊടുങ്ങിയത്. 49.48 കോടിയുടെ കവുങ്ങും 7.43 കോടിയുടെ കുരുമുളക് വള്ളിയും 1.13 കോടിയുടെ പച്ചക്കറിയും 89.10 ലക്ഷത്തിന്‍െറ റബറും നശിച്ചതായാണ് ഡയറക്ടറേറ്റിന്‍െറ കണക്ക്. നിലക്കടല, പൈനാപിള്‍, എള്ള്, ജാതി തുടങ്ങിയവക്ക് നാശം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags:    
News Summary - kerala drought agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.