വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തും; അംഗങ്ങളുടെ സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

തിരുവല്ല: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച രാവിലെ പത്തിന് നടത്താൻ തീരുമാനിച്ച സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ആവശ്യപ്പെട്ടു.

ഞായറാഴ്‌ച ക്രൈസ്‌തവ വിശ്വാസികളെ സംബന്ധിച്ച് പ്രാർഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനം. ഇടവക ഭാരവാഹികളും സണ്ടേസ്‌കൂൾ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളും ഉൾപ്പെടെയുള്ളവർ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ സമയം മാറ്റിവെക്കണമെന്ന് കെ.സി.സി പ്രസിഡന്‍റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്ക് കെ.സി.സി കത്ത് നൽകി.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 10നും കോര്‍പറേഷനില്‍ 11.30നുമാണ് സത്യപ്രതിജ്ഞ. പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എന്നിവ ചെയ്താണ് അംഗങ്ങൾ അധികാരമേൽക്കുക. മുതിർന്ന അംഗം സർക്കാർ ഇതിലേക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മുമ്പാകെയാണ് പ്രതിജ്ഞയെടുക്കേണ്ടത്.

കോർപറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും കലക്ടർമാരെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.

എല്ലാ അംഗങ്ങളുടെയും ആദ്യയോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിൽ അന്നുതന്നെ ചേരും. ഈ യോഗത്തിലാവും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കുക. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിംസംബർ 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

Tags:    
News Summary - Kerala Council of Churches wants members' oath-taking postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.