കേൾവി പരിമിതിയുള്ള നിർധനർക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പ്രഖ്യാപിച്ച് മമ്മൂട്ടി

കൊച്ചി: വയലിൻ തന്ത്രികളിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ മീട്ടിയ ആ പഴയ മധുരനൊമ്പരത്തിന്റെ ഈണം സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി പ്രഖ്യാപിച്ചു ‘കാതോട് കാതോരം’. കേൾവി പരിമിതിയുള്ള നിർധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കാനുള്ള ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 16ാം വാർഷികത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായവർക്ക് വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്​. ആന്തരിക കർണത്തിലെ കോക്ലീയയിലെ കോശങ്ങളുടെ ശക്തി തീരെ കുറയുന്ന അവസ്ഥ കൊണ്ടുണ്ടാകുന്ന കേൾവി കുറവ് അനുഭവിക്കുന്ന വ്യക്തികൾക്ക് ഇതി​ന്‍റെ ഗുണം ലഭിക്കും.

‘കേൾവി എന്നത് ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക. ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം’-മമ്മൂട്ടി പറഞ്ഞു.

വാർഷികാഘോഷ പരിപാടി മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ‘മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കാറുള്ളൂ, ജീവിതത്തിൽ അദ്ദേഹം നല്ല നടൻ അല്ല. പകരം നന്മയുള്ള പ്രവൃത്തികളിലൂടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാൻ ആണ് മമ്മൂട്ടി ശ്രമിക്കുന്നത്’ -കാതോലിക്ക ബാവ പറഞ്ഞു.

കെയർ ആൻഡ് ഷെയർ ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, സംസ്ഥാന പൊലീസ് മേധാവി റവഡ എ. ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. കാളിരാജ് മഹേഷ് കുമാർ, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, എക്സിക്യൂട്ടീവ് ഡയറക്ടർ വിജു ജേക്കബ്, മാനേജിങ് ട്രസ്റ്റി റോയ് എം. മാത്യു, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, സി. സാലിഹ്, എ. മോഹനൻ, രാജഗിരി ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജ് എന്നിവർ സംസാരിച്ചു.

കേൾവി പരിമിതി വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് പദ്ധതിക്ക് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 75590 22111.

Tags:    
News Summary - Mammootty announces free cochlear implantation surgery for the hearing impaired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.