കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭയിൽ രണ്ടുമന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. രണ്ടുമന്ത്രിസ്ഥാനം ജോസഫ് വിഭാഗത്തിന് അർഹതപ്പെട്ടതാണെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. മന്ത്രിസ്ഥാനത്തേക്ക് പ്രഥമ പരിഗണന മോൻസ് ജോസഫിനായിരിക്കുമെന്ന് നിയുക്ത എം.എൽ.എ അപു ജോൺ ജോസഫും മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിലെ ഏറ്റവും സീനിയർ നേതാവായ മോൻസ് ജോസഫ് നേരത്തെ മന്ത്രിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ്. അതുകൊണ്ടുതന്നെ പാർട്ടിയുടെ ആദ്യ മന്ത്രിസ്ഥാനത്തേക്ക് അദ്ദേഹത്തെയാണ് പ്രഥമമായി പരിഗണിക്കുന്നതെന്നാണ് അപു ജോൺ ജോസഫ് പറഞ്ഞത്.
ഇത്തവണ മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച് മികച്ച സ്ട്രൈക്ക് റേറ്റിലാണ് പാർട്ടി നിൽക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണിക്ക് വേണ്ടി ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ എന്നീ സീറ്റുകൾ വിട്ടുനൽകി വലിയ വിട്ടുവീഴ്ച ചെയ്ത ഏക പാർട്ടി കേരള കോൺഗ്രസ് ആണെന്നും, അതുകൊണ്ട് രണ്ട് മന്ത്രിസ്ഥാനം എന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി വകുപ്പ് ഏറ്റെടുക്കാൻ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് താത്പര്യമുണ്ടെന്നും എന്നാൽ വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം മുന്നണിയുടെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമേ വ്യക്തമാകൂ എന്നും അപു ജോൺ ജോസഫ് പറഞ്ഞു. മുന്നണിയിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കാതെ തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിലായിരിക്കും മന്ത്രിസ്ഥാന ചർച്ചകൾ പൂർത്തിയാക്കുകയെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.